കുളത്തൂർ: ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്ക്കൂളിന്റെയും വേറ്റിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച പഠനോപകരണങ്ങൾ പിന്നാക്ക ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടൂർ ഗവ.അപ്പർ പ്രൈമറി സ്കൂളിന് കൈമാറി. കൂടാതെ സ്കൂളിനാവശ്യമായ മേശയും കസേരകളും ഉൾപ്പെടുന്ന ഫർണിച്ചറുകളും വാങ്ങി നല്കി. ഈ സ്കൂളിൽ പുതിയ ലൈബ്രറി ഒരുക്കുന്നതിനായി ഇരുന്നൂറോളം പുസ്തകങ്ങളും സംഭാവനയായി നൽകി. എം.ജി.എം സ്കൂൾ മാനേജർ സുനിൽകുമാർ, എം.ജി.എം ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായർ, അദ്ധ്യാപകരായ ഷജീർ.ബി, ഷബാന ലേവി, പ്രീതി. എച്ച്.എം എന്നിവർ കോട്ടൂർ സ്കൂളിലെത്തി സ്കൂൾ ഹെഡ്മിസ്ട്രസ് സുലഭ, പി.ടി.എ പ്രസിഡന്റ് രമേശ് എന്നിവർക്ക് കൈമാറി. ആരോഗ്യപ്പച്ച കണ്ടെത്തിയതിന് യു.എൻ പുരസ്കാരം നേടിയ കുട്ടിമാത്തൻ കാണി, കുറ്റിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണൻ, മറ്റ് അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.