ശ്രീകാര്യം : മണയ്ക്കൽ ഗവ. എൽ.പി സ്കൂളിന് മുന്നിൽ റോഡിനോട് ചേർന്ന് ഉണങ്ങി നിൽക്കുന്ന മരം അപകടം ക്ഷണിച്ചുവരുത്തുമെന്ന് പരാതി. ചെമ്പഴന്തി - ശ്രീകാര്യം റോഡിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന മണയ്ക്കൽ സ്കൂളിന് മുന്നിൽ ഏറെനാളായി ഉണങ്ങി നിൽക്കുന്ന കൊന്നമരമാണ് അപകടഭീഷണി ഉയർത്തുന്നത്. പ്ലേ സ്കൂൾ മുതൽ നാലാം ക്ലാസുവരെ നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിനാണ് മരം ഭീഷണിയുയർത്തുന്നത്.
സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും നിരവധി പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടും ഫോറസ്റ്റ് അധികൃതരുടെ ഉദാസീനത കാരണമാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലായ മരത്തിന് സമീപത്തുകൂടി കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് ലൈനുകൾ പോകുന്നുണ്ട്. സ്കൂൾ വളപ്പുകളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം എന്ന കളക്ടറുടെ ഉത്തരവുകൾ ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുകുലത്തിൽ തിരുവനന്തപുരം നഗരസഭ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ അപകടാവസ്ഥയിലുള്ള ഈ മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം നീണ്ടു പോകുന്ന ഈ അനാസ്ഥ, വലിയ അപകടങ്ങൾക്ക് വഴിവച്ചേക്കാം. രാഷ്ട്രീയ - ഭരണ നേതൃത്വങ്ങൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. സ്വാമി ശുഭാംഗാനന്ദ (സെക്രട്ടറി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം)