സീറോയുടെ ദയനീയ പരാജയത്തെ തുടർന്ന് ട്രാക്ക് മാറ്റാനൊരുങ്ങുന്ന ബോളിവുഡിന്റെ 'കിംഗ് ഖാൻ" ഷാരൂഖ് ദക്ഷിണേന്ത്യൻ സംവിധായകരെ ചർച്ചയ്ക്ക് വിളിക്കുന്ന പതിവ് തുടരുന്നു. ടേക്ക് ഓഫിലൂടെ ശ്രദ്ധേയനായ സംവിധായകൻ മഹേഷ് നാരായണനെയാണ് ഷാരൂഖ് ഏറ്റവും ഒടുവിൽ കൂടിക്കാഴ്ചയ്ക്കായി മുംബയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്കിന്റെ ചിത്രീകരണത്തിരക്കിലായതിനാൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം മുംബയിലെത്താമെന്നാണ് മഹേഷ് നാരായണൻ ഷാരൂഖിനെ അറിയിച്ചിട്ടുള്ളതത്രെ.
പതിവ് ട്രാക്കിൽ നിന്ന് മാറി പുതുമയുള്ള കഥകൾ തേടുന്ന ഷാരൂഖ് ഖാൻ തമിഴകത്തെ യുവ സംവിധായകരിൽ പ്രമുഖരായ വെട്രിമാരനെയും ആറ്റ്ലിയെയും മലയാളത്തിൽ നിന്ന് ആഷിഖ് അബുവിനെയുമൊക്കെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ പുതിയ പ്രോജക്ടിന്റെ കാര്യത്തിൽ ഷാരൂഖ് ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.ഫഹദ് ഫാസിലും നിമിഷ സജയനും ജോടികളാകുന്ന മഹേഷ് നാരായണന്റെ മാലിക്കിന്റെ അവസാനഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണിപ്പോൾ. ഡിസംബർ അവസാനം മാലിക്കിന്റെ ചിത്രീകരണം പൂർത്തിയാകും.