ആലപ്പുഴ: മകന്റെ വിവാഹത്തിന് ഡി.ജെ പാർട്ടി സംഘടിപ്പിച്ചത് സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചതെന്ന് സി.പി.എം നടപടി നേരിടുന്ന മുന്‍ ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നെന്നും, സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പരിപാടിക്കുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
"പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. എന്റെ ജീവനാണ് പാര്‍ട്ടി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന മകന്‍ തന്നെയാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്. ആദ്യം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മകന്റെ വളര്‍ച്ചയ്ക്ക് ആവശ്യമെങ്കില്‍ ആകട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു.
സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പരിപാടിക്കുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തിയത്. സത്കാരത്തില്‍ വിതരണം ചെയ്തത് സാധാരണ നിലയിലുള്ള ഭക്ഷണം മാത്രമാണ്. വിദേശത്ത് പ്രി വെഡ്ഡിംഗ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ച കള്ളമാണ്. മകന് പാസ്‌പോര്‍ട്ട് പോലുമില്ല. പാര്‍ട്ടി ശത്രുക്കള്‍ അവസരം മുതലെടുത്ത് പ്രചാരണം നടത്തുകയാണെന്നും" മനോഹരന്‍ വ്യക്തമാക്കി.
മകന്റെ ആഡംബര വിവാഹ സത്കാരത്തിന്റെ പേരില്‍ സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയില്‍ നിന്ന് സി.വി മനോഹരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ശനിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഈ മാസം 12നായിരുന്നു മനോഹരന്റെ മകന്റെ വിവാഹം. തൊട്ടടുത്തദിവസം നടന്ന വിവാഹ സൽക്കാരത്തിൽ ഡി.ജെ പാർട്ടി സംഘടിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് ഇതെന്നും, ഇത്തരം ധൂർത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഏരിയ കമ്മിറ്റി വിലയിരുത്തി. തുടർന്നായിരുന്നു നടപടിയെടുത്തത്. പാർട്ടിക്കിടെയിൽ തമ്മിൽത്തല്ല് ഉണ്ടായിരുന്നതായി ആരോപണമുണ്ട്. അതേസമയം,വിവാഹ സൽക്കാരം ഒരുക്കിയത് താനല്ല മകനാണ് എന്ന് മനോഹരൻ വിശദീകരണം നൽകിയിരുന്നു.