caa

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നാട്ടിലും വിദേശത്തുമായി അരങ്ങേറുന്ന സമരങ്ങൾക്ക് കാരണമെന്താണെന്ന് അന്വേഷിച്ചാൽ ലഭിക്കുന്ന ഉത്തരം നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ എന്നായിരിക്കും. അമേരിക്കയിലും ബ്രിട്ടനിലും വരെ പ്രതിഷേധം ഉയരുമ്പോൾ തെറ്റിദ്ധാരണയുടെ വ്യാപ്തി എത്രയുണ്ടെന്ന് ചിന്തിക്കണം. വെറുതേ രൂപംകൊണ്ട തെറ്റിദ്ധാരണയല്ലിത്. വിദേശതലത്തിൽ ഫണ്ട് ചെയ്തു നടത്തുന്ന സമരമാണിതെന്ന് കൂട്ടിവായിക്കുമ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ കള്ളക്കളി മനസിലാക്കാനാവുക. ഇതിനാദ്യം പൗരത്വ ഭേദഗതി നിയമത്തിലെ വിവാദ പരാമർശമെന്താണെന്ന് നോക്കണം.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവരും 2014 ഡിസംബർ 31 ന് മുമ്പ് നമ്മുടെ രാജ്യത്തേക്ക് വന്നവരുമായ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കുന്നില്ലെന്നാണ് ഭേദഗതി നിയമത്തിൽ പറയുന്നത്. ഇതിൽ നിന്ന് മുസ്ളീങ്ങളെ ഒഴിവാക്കിയെന്നതാണ് പ്രതിഷേധക്കാരുടെ സമരായുധം. സത്യമെന്താണ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മുസ്ളീങ്ങളെ പുറത്താക്കാറുണ്ടോ ? ആ നിലയ്ക്ക് മുസ്ളീങ്ങളെ ഒഴിവാക്കിയെന്ന ആരോപണത്തിന് എന്താണ് പ്രസക്തി ? ഹിന്ദു വിഭാഗങ്ങൾക്കു മാത്രമാണ് സംരക്ഷണമെന്ന സമരക്കാരുടെ വാദം ഇനി പരിശോധിക്കാം. ഹിന്ദു, സിക്ക്, ബുദ്ധ, ജൈന വിഭാഗങ്ങളെ ഹിന്ദു വിഭാഗങ്ങളായി കണക്കാക്കുന്നുണ്ട്. ഹിന്ദു പിന്തുടർച്ചാവകാശ നിയമമുൾപ്പെടെ ഇതു ശരിവെക്കുന്നുമുണ്ട്. പക്ഷേ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളുടെ കാര്യം അങ്ങനെയല്ല. ക്രിസ്ത്യൻ പെൺകുട്ടികളെ പാകിസ്ഥാനിൽ നിർബന്ധിച്ചു മതം മാറ്റുകയും പ്രായമായ ആളുകൾ കല്യാണം കഴിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഇതിനു തയ്യാറാകാതെ നാടും വീടും വിട്ടു വന്നവരെ സംരക്ഷിക്കാൻ കൊണ്ടുവന്ന ഭേദഗതി നിയമം എങ്ങനെയാണ് മുസ്ളീങ്ങൾക്ക് എതിരാകുന്നത് ?

ആരോപണങ്ങളുടെ മുന പലതായി ഒടിയുമ്പോൾ സമരത്തിന്റെ യഥാർത്ഥ കാരണമെന്താണെന്നു കൂടി പരിശോധിക്കണം. പൗരത്വഭേദഗതി നിയമത്തിലെന്താണ് പറയുന്നതെന്ന് ആരും വായിച്ചു നോക്കുന്നില്ല. പകരം കുപ്രചരണങ്ങൾക്കും ഊഹാപോഹങ്ങൾക്കും കാതു കൊടുക്കുകയാണ്. ഇതു ഖേദകരമാണ്. മുസ്ളിങ്ങൾക്ക് എതിരാണ് നിയമമെന്ന തരത്തിൽ യു.എസിൽ നിന്നു പോലും പ്രതിഷേധം ഉയരുന്നുണ്ട്. ബി.ബി.സിയിലും സി.എൻ.എന്നിലും ഇതാണ് ചർച്ച. സത്യമെന്താണെന്ന് തിരയാതെ പ്രധാനമന്ത്രിയെ മുസ്ളീം വിരുദ്ധനെന്നുവരെ ആക്ഷേപിക്കുന്നു.


ഹിന്ദുത്വമെന്നാൽ രാജ്യത്തിന്റെ സംസ്‌കാരവും ജീവിതരീതിയുമാണ്. വസുധൈവ കുടുംബകം എന്ന തത്ത്വത്തിലുറച്ചു നിൽക്കുന്ന സംസ്‌കാരമാണ് ഹിന്ദുത്വം. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം ആത്മീയശക്തിയും വളരുകയാണ്. ആത്മീയ ശക്തി വേണ്ട പകരം സാമ്പത്തികമായ വളർച്ചയാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടത്. അവർക്കു വേണ്ടത് ഇന്ത്യയുടെ മാർക്കറ്റാണ്. ആത്മീയതയുടെ പിൻബലമില്ലാത്ത ഉപഭോഗ രാഷ്ട്രമായാണ് അവർക്ക് ഇന്ത്യയെ വേണ്ടത്. ഇന്ത്യയുടെ വളർച്ച തടയാനാണ് അവരുടെ ശ്രമം. എന്നാൽ പ്രതിഷേധങ്ങൾ എത്രകാലം നിലനിൽക്കും. ഒടുവിൽ സമരക്കാർ യാഥാർത്ഥ്യം തിരിച്ചറിയും. സത്യത്തിന് എക്കാലവും മറഞ്ഞിരിക്കാനാവില്ല. അതൊരുനാൾ പുറത്തു വരിക തന്നെ ചെയ്യും.


(ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്‌ലേഖകൻ. അഭിപ്രായം വ്യക്തിപരം )