തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. കോഴിക്കോട് ഹർത്താലനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഹർത്താലനുകൂലികൾ ബസുകൾ തടയുകയും, ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.
തിരുവനന്തപുരത്ത് അഭിമുഖത്തിനെത്തിയ യുവാവിന് നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കടകൾ അടപ്പിക്കാൻ ഹർത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ നൂറിൽ കൂടുതൽ ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ തിങ്കളാഴ്ച വൈകിട്ടോടെ തന്നെ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു.