ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇതുസംബന്ധിച്ച് വിശദീകരണങ്ങൾ നടത്തിയിരുന്നു. ഡൽഹിയിൽ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമത്തിൽ വിദ്യാർത്ഥികളോട് പൗരത്വ ബിൽ എന്താണെന്ന് പഠിക്കണമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്ത് ഇതുസംബന്ധിച്ച് പ്രതിഷേധം അലയടിക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നു.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലാണ് ഇപ്പോൾ അദ്ദേഹം. കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ത്യാ ഗേറ്റില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സഹോദരി പ്രിയങ്ക ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ആണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് പോയത്. പാര്‍ലമെന്ററി സമിതിയുടെ ഭാഗമായിട്ടാണ് യാത്രയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, പൗരത്വ നിയമത്തിൽ പ്രതിഷേധിക്കുന്ന ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ത്യഗേറ്റിനു മുന്നിൽ രണ്ടു മണിക്കൂറോളം ധർണയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ,എ.കെ ആന്റണി, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബിക സോണി എന്നീ നേതാക്കളും ധർണയിൽ പങ്കെടുത്തു. എന്നാൽ, കോൺഗ്രസിലെ യുവ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയെയും, സച്ചിൻ പെെലറ്റ്, മിലിന്ദ് ദിയോറ എന്നിവർ ധർണയിൽ പങ്കെടുത്തതുമില്ല.
ജാമിയ മിലിയയിൽ ഞായറാഴ്ച എന്താണ് നടന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രിയങ്ക പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും വിദ്യാർത്ഥികൾക്കും നേരെയുള്ള ആക്രമണമാണ് നടന്നത്. വിദ്യാർത്ഥികളാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഈ രാജ്യം അവരുടേതുമാണ്. പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സ്വന്തം പാർട്ടി എം.എൽ.എ പെൺകുട്ടിയെ പീഡിപ്പിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പറയണം. എകാധിപത്യത്തിലേക്ക് നീങ്ങുന്ന മോദി സർക്കാരിനെതിരെ പോരാടാൻ കോൺഗ്രസ് പ്രവർത്തകരെ പ്രിയങ്ക ആഹ്വാനം ചെയ്തു.
എന്നാൽ, ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞായറാഴ്ച രാത്രി പൊലീസ് അതിക്രമവും വ്യാപക സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടും രാഹുല്‍ ഗാന്ധി എത്താതിരുന്നത് ചര്‍ച്ചയായിരുന്നു. ഞായറാഴ്ച രാത്രി ജാമിയയിലെയും അലിഗഡിലെയും വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമം നടന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധ രംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ രാഹുലിനെ മാത്രം കണ്ടില്ല. തുടർന്നാണ് രാഹുൽ വിദേശത്തുപോയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം കേവലം രണ്ട് മണിക്കൂർക്കൊണ്ട് അവസാനിപ്പിച്ചു. അതേസമയം, രാഹുൽ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിന്റെ പേരിൽ മാപ്പുപറയാൻ ആവശ്യപ്പെട്ട ബി.ജെ.പിക്ക് ശക്തമായ മറുപടി രാഹുൽ നൽകിയിരുന്നു. മാപ്പുപറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞത്.
പൗരത്വഭേദഗതി നിയമത്തിൽ ജങ്ങൾക്കു നേരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചതായി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ആരോപിച്ചു. ബി.ജെ.പിയുടെ അഹങ്കാരവും പൊലീസിന്റെ ലാത്തിയും മോദി സർക്കാരിന്റെ അന്ത്യത്തിനു തുടക്കമിടും. വിദ്വേഷം കൊണ്ടു രാജ്യത്തെ കത്തിച്ചാമ്പലാക്കുകയാണു സർക്കാർ. ഇതിന്റെ സൂത്രധാരൻമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ്– സോണിയ പറഞ്ഞു.