ശരിയായ കാഴ്ചപ്പാട് നിങ്ങൾക്കില്ലെങ്കിൽ ശ്രദ്ധിക്കാനുള്ള ക്ഷമയെങ്കിലും ഉണ്ടാവണം. എന്തിനും എല്ലാറ്റിനും. ചിലർ വിഡ്ഢിത്തരം മാത്രമാണ് സംസാരിച്ചു കൊണ്ടിരിക്കുന്നതെന്ന് തോന്നിയേക്കാമെങ്കിലും നിങ്ങൾ ശ്രദ്ധിക്കണം. കാരണം, ശേഷിക്കുന്ന ലോകത്തുള്ളവരെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളായവർ സംസാരിച്ചത് പരമവിഡ്ഢിത്തമാണ്.
ഒരു തലമുറയ്ക്ക് ശേഷം മാത്രമാണ്, ആ പറഞ്ഞത് ഏറ്റവും ജ്ഞാനപൂർവമായത് ആയിരുന്നുവെന്ന് ആളുകൾ മനസിലാക്കിയത്. നിങ്ങൾ ഒരു നേതാവാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകത്തുള്ള എല്ലാറ്റിനെപ്പറ്റിയും എല്ലാമറിയാം എന്നൊന്നും അർത്ഥമില്ല. നിങ്ങളൊരു ശ്രോതാവാകാൻ താത്പര്യപ്പെടുന്നു എന്ന് മാത്രമേയുള്ളൂ, ആരാണ് സംസാരിക്കുന്നത് എന്നത് പ്രസക്തമല്ല. സംസാരിക്കുന്നത് ശിശുവോ മഹദ് വ്യക്തിയോ അതുമല്ലെങ്കിൽ ഒരു കൂലിപ്പണിക്കാരനോ ആയിക്കൊള്ളട്ടെ, നിങ്ങൾ ശ്രോതാവാകാൻ പഠിക്കണം.
ശ്രോതാവെന്ന് ഉദ്ദേശിക്കുന്നത് കേൾക്കാൻ കഴിവുള്ളയാൾ എന്നു മാത്രമല്ല. ചുറ്റുമുള്ള ജീവിതത്തെയും സാഹചര്യങ്ങളെയും ശ്രദ്ധിക്കാൻ കഴിവുള്ളയാൾ എന്നു കൂടിയാണ്. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാറ്റിനെയും ശ്രദ്ധിച്ചാൽ മാത്രമേ, നിങ്ങൾക്ക് ചുറ്റും എന്ത് നടക്കുന്നു എന്നും ഏത് ചുവടാണ് അടുത്തതായി വയ്ക്കെണ്ടതെന്ന കാഴ്ചപ്പാടും നിങ്ങൾക്കുണ്ടാവൂ. ഇപ്പോഴെന്താണ് നടക്കുന്നതെന്നതിനെ പറ്റി നിങ്ങൾക്ക് കാഴ്ചപ്പാടില്ലാത്തപ്പോൾ നിങ്ങളുടെ ചുവട് പിഴയ്ക്കും. ഒരിക്കൽ, ശങ്കരൻ പിള്ളയുടെ വീട്ടിലെത്തിയ സുഹൃത്ത് കുറച്ച് ജോലി ചെയ്യിക്കാനായി കഴുതയെ കടമായി നൽകണമെന്ന് ആവശ്യപ്പെട്ടു. ശങ്കരൻ പിള്ള പറഞ്ഞു, 'കഴുതയെ മറ്റൊരിടത്ത് കടമായി കൊടുത്തിരിക്കുകയാണ്, ഇപ്പോഴത് ഇവിടെയില്ല."
സുഹൃത്ത് പോകാനൊരുങ്ങിയപ്പോൾ, കഴുത വൈക്കോൽപ്പുരയിൽനിന്നും കരയുന്നത് കേട്ടു. അയാൾ തിരികെയെത്തി ശങ്കരൻ പിള്ളയോട് പറഞ്ഞു : 'ഞാൻ കഴുതയുടെ കരച്ചിൽ കേട്ടല്ലോ. അതിവിടെത്തന്നെയുണ്ട് ."
ശങ്കരൻ പിള്ള പറഞ്ഞു, 'ആരെയാണ് നിങ്ങൾക്ക് വിശ്വസിക്കേണ്ടത്, എന്നെയോ അതോ കഴുതയെയോ?'
അപ്പോൾ ആരാണെന്നത് പ്രസക്തമല്ല, എന്താണെന്നതും പ്രസക്തമല്ല, നിങ്ങൾ ശ്രോതാവാകണം. ശ്രോതാവായാൽ മാത്രമേ സന്ദർഭത്തെ പൂർണമായും ഗ്രഹിക്കാനാവൂ, അല്ലാത്തപക്ഷം അതിന് കഴിയില്ല.