തിരുവനന്തപുരം: പ്രതിസന്ധിയിലുഴലുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ മോട്ടോർ വാഹനവകുപ്പും രംഗത്ത്. ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറ വച്ച് റോഡിലെ നിയമലംഘനങ്ങൾ പകർത്തി പിഴ ഈടാക്കുക എന്ന രീതി കൂടി പരീക്ഷിക്കാനാണ് നീക്കം. പ്രതിദിനം ശരാശരി 40 നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽ നിന്നു പിഴവിഹിതമായി 250 രൂപ വീതം ഈടാക്കിയാൽ 10000 രൂപ അധികവരുമാനം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന തുക കൊണ്ട് ജീവനക്കാരുടെ ശമ്പളം മുടക്കമില്ലാതെ കൊടുക്കാൻ കഴിയും എന്നാണ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നത്.
മുൻപിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൂടി പകർത്താൻ ഇത്തരത്തിൽ ഘടിപ്പിക്കുന്ന ഡാഷ് ക്യാമറകൾക്കു കഴിയും അതിനാൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും ലൈൻ തെറ്റിച്ചും വാഹനമോടിക്കുന്നതും അനധികൃത പാർക്കിങ്ങും കണ്ടെത്താൻ കഴിയും. ഇത് മോട്ടോർ വാഹനവകുപ്പിനും ഉപകാരപ്രദമാണ്. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് പദ്ധതി തയാറാക്കിയത്.
കെ.എസ്.ആർ.ടി.സി എം.ഡിയുമായി പദ്ധതി ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശിച്ചിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.