ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരായി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ, ഒഖ്‌ല ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. അതേസമയം അറസ്റ്റ് ചെയ്തവരിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഞായറാഴ്ചയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. പ്രക്ഷോഭത്തിനിടെ നാല് ബസുകളും രണ്ട് പൊലീസ് വാഹനങ്ങളും കത്തിച്ചിരുന്നു. നിരവധി കാറുകളും, ഇരുചക്രവാഹനങ്ങളും, അഗ്‌നിശമനസേനയുടെ രണ്ടു വാഹനങ്ങളും തകർത്തു. നിരവധിപേർക്ക് പരിക്കേറ്റിരുന്നു.
പൊലീസ് അനുവാദമില്ലാതെ കാമ്പസിൽ കയറി പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചതായും, ലൈബ്രറിയും പള്ളിയും മറ്റും തകർത്തതായും, റബ്ബർബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതായും ആരോപണമുയർന്നിരുന്നു. ആദ്യം വെടിയുതിർത്തെന്ന റിപ്പോർട്ട് പൊലീസ് നിഷേധിച്ചിരുന്നു. എന്നാൽ രണ്ട് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ റബർ ബുള്ളറ്റ് ഉപയോഗിച്ചതായി പൊലീസ് സമ്മതിച്ചു.