ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി. ഇത് വിചാരണ കോടതിയല്ലെന്നും ചീഫ് ജസ്റ്റിസ് അംഗമായ ബെഞ്ച് വ്യക്തമാക്കി. ബി.ജെ.പി നേതാവായ അശ്വനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലും മറ്റും നടന്ന അക്രമ സംഭവങ്ങൾ അന്വേഷിക്കുന്നതിനു സിബിഐയെയും എൻഐഎയെയും ഏൽപ്പിക്കാൻ ഉത്തരവിടണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. തുടർച്ചയായി നിരവധി പരാതികൾ ഒരേ വിഷയത്തിൽ ലഭിക്കുന്നതിൽ കടുത്ത അതൃപ്തിയും ചീഫ് ജസ്റ്റിസ് രേഖപ്പെടുത്തി. പരാതിക്കാർ നേരിട്ട് സുപ്രിം കോടതിയിലേക്ക് വരുന്നതിനു പകരം ഹൈക്കോടതികളെ സമീപിക്കാനും കോടതി പറഞ്ഞു.
അശ്വനി ഉപാധ്യായയുടെ രണ്ട് ഹർജികളെ സംബന്ധിക്കുന്ന പരാമർശമാണ് കോടതി ഇന്ന് നടത്തിയത്. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കൾ ഭുരിപക്ഷമാണ് എന്ന കണക്കെടുപ്പിന് കോടതി ഉത്തരവിടണമെന്ന ഹർജിയും സുപ്രിം കോടതി അംഗീകരിച്ചില്ല. വിവിധ സംസ്ഥാനങ്ങൾ രൂപീകരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലല്ല, ഭാഷയുടെ അടിസ്ഥാനത്തിലാണ് അതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ നിലപാട് സ്വീകരിക്കാൻ ആവില്ലാ എന്നും കോടതി വ്യക്തമാക്കി.