തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനെയും കാമുകിയെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഉദയംപേരൂർ വിദ്യ കൊലക്കേസിലെ പ്രതികളായ പ്രേംകുമാറിനെയും കാമുകി സുനിതാ ബേബിയെയുമാണ് വിദ്യ കൊല്ലപ്പെട്ട പേയാട് ഗ്രാൻഡ്ടെക് വില്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ കൃത്യം നടന്ന വില്ലയിലേക്ക് കൊണ്ടുവന്നത്. കൂടാതെ സംഭവത്തിന് ശേഷം രണ്ട് പേർ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. അതിനാൽതന്നെ ഇവിടെനിന്ന് തെളിവ് വല്ലതും കിട്ടുമോയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ കുറ്റവാളി എത്ര സമർത്ഥനായാലും, ഏത്ര ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കുറ്റകൃത്യമായാലും ഏതൊരു കേസിനും ദൈവം ഒരു തെളിവെങ്കിലും അവശേഷിപ്പിക്കുമെന്ന് പറയാറുണ്ട്. അത് തന്നെയാണ് ഇന്നലെ തെളിവെടുപ്പിനിടയിലും സംഭവിച്ചത് ദൈവത്തിന്റെ കയ്യൊപ്പ് എന്ന പോലെ ശുചിമുറിയിലും കിടപ്പുമുറിയിലെ വാതിൽപ്പടിയിലും പറ്റിയിരുന്ന രക്തം തെളിവായി ലഭിച്ചു.
സെപ്തംബറിലാണ് കൊലപാതകം നടക്കുന്നത്.ചെന്നൈയിൽ താമസിക്കുന്ന ഡോക്ടറുടെ വീട് കഴിഞ്ഞ മേയ് മാസത്തിലാണ് പ്രേംകുമാർ വാടകയ്ക്കെടുത്തത്. ഒരു വർഷത്തേക്ക് കരാർ എഴുതിയെങ്കിലും കഴിഞ്ഞ സെപ്തംബർ ആദ്യവാരം വീട് ഒഴിയുമെന്ന് പ്രംകുമാർ ഉടമയോട് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. സെപ്തംബർ അവസാനവാരം ഭാര്യയെ കൊലപ്പെടുത്തി, ശേഷം ഒക്ടോബർ രണ്ടിന് താക്കോൽ സുരക്ഷ ജീവനക്കാർക്ക് നൽകി. ഇതിനുശേഷം ഒരാൾ 10 ദിവസം ഇവിടെ താമസിച്ചു. കൂടാതെ ദിവസങ്ങൾക്ക് മുമ്പ് ഒരാൾ ഈ വില്ല വാടകയ്ക്കെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എത്തിയതോടെ പിറ്റേദിവസം വീട് ഒഴിയുകയാണെന്ന് ഉടമയെ അറിയിക്കുകയായിരുന്നു.