ഇസ്ലാമബാദ്: ഭരണ നിലനിൽപ്പിന് വേണ്ടി പാകിസ്ഥാനിൽ പോരാട്ടങ്ങളുടെ കാലമുണ്ടായിരുന്നു. ഒരു പ്രാധാനമന്ത്രിക്ക് ഭരണം അഞ്ച് വർഷം പോലും ഭരണം തികയ്ക്കാൻ സാധിക്കാത്ത കാലം വരെ. ഒരു മാസം മാത്രം ഭരണതലപ്പത്തിരുന്നവരുമുണ്ട്. സൈനിക അട്ടിമറിയും ഭീകരതയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത് ദുസഹമായ ജീവിതമായിരുന്നു. അന്നത്തെ ഭരണം അട്ടിമറിച്ചതിൽ പ്രധാനിയായിരുന്നു പാകിസ്ഥാൻ മുന്‍ പ്രസിഡന്റ് പർവേസ് മുഷറഫ്. ഇപ്പോൾ പര്‍വേസ് മുഷറഫിന് പാക് കോടതി വധശിക്ഷ വിധിച്ച വാർത്തയാണ് പുറത്തുവരുന്നത്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
1999 ഒക്ടോബര്‍ 12നാണ് ജനറല്‍ പര്‍വേസ് മുഷറഫ് നവാസ് ഷെരീഫിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി രാജ്യത്തൊട്ടാകെ പട്ടാള നിയമം നടപ്പാക്കിയത്. പട്ടാള ഭരണാധികാരി ആയിരിക്കെ 2007ല്‍ ഭരണഘടന റദ്ദാക്കിയതാണ് കേസിന് ആധാരം. മദ്രസയില്‍ ആക്രമണം നടത്തി നിരവധി പേരെ സൈന്യം കൊലപ്പെടുത്തിയ കേസാണ് മറ്റൊന്ന്. 1999ൽ, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത തന്റെ നടപടിയെയും അദ്ദേഹം ന്യായീകരിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു അന്നത്തെ അട്ടിമറിയെന്നായിരുന്നു പർവേസിന്റെ വാദം.
1998ലാണ് മുഷറഫ് സൈനിക മേധാവിയായത്. അടുത്ത വർഷം ഒക്ടോബറിൽ ഭരണകൂടത്തെ അട്ടിമറിച്ചു. പിന്നീട് 2001 മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്റായി. ഇപ്പോൾ ദുബായിലാണ് താമസം. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാകിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. അതേസമയം, ഇന്ത്യയെ സംബന്ധിച്ച് കാർഗിൽ യുദ്ധ കാലത്ത് പ്രധാന വാഗ്‌വാദങ്ങൾ മുഴക്കിയ വ്യക്തിയായിരുന്നു പർവേസ്. പാകിസ്ഥാന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് കാശ്മീര്‍ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്ഥാന്‍കാരും സൈന്യവും കാശ്മീരി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്ഥാന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഓള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവായ മുഷറഫ്, ഇസ്ലാമാബാദില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ടെലിഫോണ്‍ വഴി പ്രസംഗിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധവും അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. പാകിസ്ഥാനെ ഇന്ത്യ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. പാകിസ്ഥാന്‍ സമാധാനത്തിന്റെ പാത സ്വീകരിക്കുമ്പോഴും ഇന്ത്യ ഭീഷണി മുഴക്കുന്നു. കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സൈന്യം മറന്നെന്ന് തോന്നുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സഹായം ഇന്ത്യ തേടിയെന്നും മുഷറഫ് അവകാശപ്പെട്ടു.
1999ലാണ് കാശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സായുധപോരാട്ടം നടന്നത്. അഥവാ കാർഗിൽ പോരാട്ടം. കാശ്മീരിൽ ഇന്ത്യയും പാകിസ്ഥാനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി.
ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്ഥാനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്ഥാൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.