bank-locker

കള്ളന്മാരെ പേടിച്ച് സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പേടിയുള്ളവരാണ് നമ്മൾ. അതിനാൽത്തന്നെ കൂടുതൽ സുരക്ഷയോടെ സ്വർണാഭരണങ്ങളും മറ്റും സൂക്ഷിക്കാൻ ബാങ്ക് ലോക്കറുകളെയായിരിക്കും ഭൂരിഭാഗം ആളുകളും ആശ്രയിക്കുക.

എന്നാൽ ലോക്കറുകൾക്ക് പണം നൽകുന്നുണ്ടെന്ന് കരുതി സുരക്ഷിതമാണെന്ന് ധരിച്ച് പിന്നെ ബാങ്കിലേക്ക് പോകാതിരിക്കരുത്. ഇക്കാര്യത്തിൽ പരമാവധി ആറുമാസമാണ് ആർ.ബി.ഐ അനുവദിച്ചിരിക്കുന്ന സമയം. ഇടപാടുകാരൻ ആറ് മാസത്തിലൊരിക്കലെങ്കിലും ലോക്കർ ഓപ്പറേറ്റ് ചെയ്യണം. ലോക്കർ അനുവദിക്കുമ്പോൾതന്നെ ഇക്കാര്യം ഇടപാടുകാരനെ ബോധ്യപ്പെടുത്തണമെന്ന് ചട്ടമുണ്ട്.

മുടങ്ങാതെ ലോക്കർ സേവനത്തിനായുള്ള പണം നൽകുന്നുവെന്ന് കരുതി അത് ലോക്കർ റദ്ദാക്കാതിരിക്കാനുള്ള മാനദണ്ഡമല്ല. ആറ് മാസത്തിലൊരിക്കലെങ്കിലും പ്രവർത്തിച്ചിരിക്കണം. അല്ലാത്തപക്ഷം ഒരു വർഷം കഴിഞ്ഞാൽ ബാങ്കുകൾക്ക് നിയമവിദഗ്ദരുടെ സാന്നിദ്ധ്യത്തിൽ ഇത് തുറക്കാം.

ലോക്കറുമായി ബന്ധപ്പെട്ട് ബാങ്കിന് മൂന്ന് റിസ്ക് കാറ്റഗറിയാണ് ഉള്ളത്. ഏറ്റവും കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ളവർക്ക് ആറ് മാസത്തിലൊരിക്കൽ എന്ന ചട്ടം നിർബന്ധമാക്കാറില്ല. ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവരുടെ കാര്യത്തിൽ എന്തുകൊണ്ട് ലോക്കർ പ്രവർത്തനരഹിതമായി തുടരുന്നു എന്ന് കാരണം എഴുതി ബാങ്കിന് നൽകണം,​ മതിയായ കാരണമാണെങ്കിൽ നിങ്ങൾക്ക് തുടർന്നും നിങ്ങളുടെ ലോക്കർ ഉപയോഗിക്കാം. അല്ലാത്തപക്ഷം നിങ്ങൾക്കുള്ള സേവനം മതിയാക്കി ബാങ്ക് മറ്റൊരാൾക്ക് ലോക്കർ കൈമാറും.