ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പട്ടാള ഏകാധിപതി പർവേസ് മുഷാറഫിന് പെഷവാറിലെ പ്രത്യേക കോടതി രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷ വിധിച്ചു. പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പട്ടാള മേധാവിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതും വധശിക്ഷ വിധിക്കുന്നതും.
വിധി പരിശോധിക്കുമെന്ന് ഇമ്രാൻഖാൻ സർക്കാർ അറിയിച്ചു.
2007ൽ ഭരണം പിടിച്ചെടുക്കാനായി ഭരണഘടന സസ്‌പെൻഡ് ചെയ്‌തതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രാജ്യദ്രോഹത്തിന് വധശിക്ഷയോ ജീവപര്യന്തമോ ആണ് ശിക്ഷ. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖർ അഹമ്മദ് സേഥ്, സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസർ അക്ബർ, ലാഹോർ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരുടെ ബെഞ്ച് ഇന്നലെ അന്തിമ വാദം കേട്ട ശേഷം 2 -1 എന്ന ഭിന്ന വിധിയിലാണ് വധശിക്ഷ വിധിച്ചത്.
മുഷാറഫ് ഇപ്പോൾ ദുബായിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.
വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി മുഷാറഫ് നൽകിയ ഹർജിയിൽ ലാഹോർ ഹൈക്കോടതി തിങ്കളാഴ്‌ച സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
അറസ്റ്റ് ഭയന്ന് പാകിസ്ഥാൻ വിട്ട മുഷാറഫ് 2016 മുതൽ ദുബായിലാണ്. ഈ മാസം ആദ്യം ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1999 മുതൽ 2008 വരെയാണ് മുഷാറഫ് പ്രസിഡന്റായിരുന്നത്. 2007ൽ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും തുടർന്നുള്ള വിവാദ നടപടികളുമാണ് രാജ്യദ്രോഹക്കുറ്റമായത്. മുഷാറഫ്
പുറത്താക്കിയ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭരണത്തിൽ തിരിച്ചു വന്നപ്പോഴാണ് രാജ്യദ്രോഹ കേസ് എടുത്തത്.
മുഷാറഫിന്റെ നാൾവഴി
1999ലെ രക്തരഹിത അട്ടിമറിയിലൂടെ മുഷാറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി ഭരണം പിടിച്ചു
ചീഫ് മാർഷൽ ലാ അഡ്മിനിസ്‌ട്രേറ്റർ എന്ന പദവിയിൽ സ്വയം അവരോധിതനായി
തുടർന്ന് പ്രസിഡന്റായി
2007ൽ ഭരണഘടന സസ്പെൻഡ് ചെയ്‌തു
ഭീകരപ്രവർത്തനം വർദ്ധിച്ചു എന്ന പേരിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 61 ജഡ്ജിമാരെ പുറത്താക്കി
2013ഡിസംബറിൽ നവാസ് ഷെറീഫിന്റെ ഗവൺമെന്റ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്തി
2013 ഡിസംബറിൽ മുഷാറഫിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു
2014 മാർച്ച് 31ന് മുഷാറഫിനെതിരെ കുറ്റം ചുമത്തി
കോടതികളിലെ അപ്പീലുകൾ കാരണം വിചാരണ നീണ്ടു
ഇപ്പോഴത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിനും കേസ് നടത്താൻ താത്പര്യമില്ലായിരുന്നു
സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്‌ത പ്രത്യേക കോടതി ഇന്നലെ വിധി പ്രസ്‌താവിക്കുകയായിരുന്നു
മുഷാറഫിന്റെ സാദ്ധ്യത
സുപ്രീംകോടതിയിൽ അപ്പീൽ നൽകാം.
സുപ്രീംകോടതി അപ്പീൽ തള്ളിയാൽ പ്രസിഡന്റിന് മാപ്പ് നൽകാൻ അധികാരമുണ്ട്.
''രാജ്യദ്രോഹക്കേസ് അടിസ്ഥാന രഹിതമാണ്. പത്ത് വർഷം ഞാൻ രാജ്യത്തെ സേവിച്ചു. രാജ്യത്തിന് വേണ്ടി പോരാടി. കേസിൽ എന്റെ ഭാഗം കേൾക്കാതെ എന്നെ ഇരയാക്കി.''
-- പർവേസ് മുഷാറഫ്
ആശുപത്രിയിൽ നിന്നുള്ള വീഡിയോ സന്ദേശം