uddhav-thackeray

മുംബയ്: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് അടിച്ചമർത്തലിനെ ജാലിയൻ വാലാബാഗിനോടുപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൊലീസ് അടിച്ചമർത്തൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നു എന്ന് ഉദ്ധവ് പറഞ്ഞു. സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമം കാണുമ്പോൾ എനിക്ക് ഒാർമ്മവരുന്നത് ജാലിയൻ വാലാബാഗിലെ വെടിവയ്പാണ്. യുവശക്തി എന്നത് ഒരു ബോംബാണ്. അതിനു തീ കൊളുത്തരുത്.’– മഹാരാഷ്ട്ര നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഉദ്ധവ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബി.ജെ.പി നയത്തെയും താക്കറെ വിമർശിച്ചു. അതേസമയം, പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ രാഷ്ട്രപതിയെ സന്ദർശിക്കുന്ന പ്രതിപക്ഷ സർവകക്ഷി സംഘത്തോടൊപ്പം ശിവസേനയില്ല. നീക്കത്തെ കുറിച്ച് അറിയില്ലെന്നും സംഘത്തിൽ ശിവസേന പ്രതിനിധിയില്ലെന്നും സേനാ നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റൗട്ട് പറഞ്ഞു. മഹാരാഷ്ട്രയിൽ പൗരത്വ നിയമം നടപ്പാക്കണമോയെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം ചേർന്നു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ അഭിപ്രായ വ്യത്യാസം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.