ഇക്കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ എൽ.ഡി.എഫിനേറ്റ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം തന്നെന്ന് സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യാജപ്രചരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതല്ലായിരുന്നുവെങ്കിൽ 20ൽ 19 സീറ്റും തങ്ങൾക്ക് കിട്ടിയേനെയെന്നും കടകംപള്ളി പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.
'20ൽ 19 സീറ്റും കിട്ടിയപ്പോൾ മലർപ്പൊടിക്കാരൻ സ്വപ്‌നം കണ്ടതുപോലെയാണ് രമേശ് ചെന്നിത്തലയും കൂട്ടരും നടന്നത്. രക്ഷപ്പെട്ടുവെന്ന് വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ശബരിമലയിലെ വസ്‌തുതകൾ ആളുകൾക്ക് മനസിലായി. ശബരിമല തന്നെയായിരുന്നല്ലോ കാരണം. ആക്‌ച്വലി അതുതന്നെയായിരുന്നു ഈ പാർലമെന്റ് ഇലക്ഷനിൽ ഞങ്ങൾക്ക് തിരിച്ചടിയുണ്ടാക്കിയ ഒരു കാര്യം. ഇല്ലെങ്കിൽ 20ൽ 19 സീറ്റും ഞങ്ങൾക്ക് കിട്ടിയേനെ. ആളുകൾ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു പോയി. നമുക്ക് വോട്ട് ചെയ്യുന്നവർ വരെ മറിച്ച് വോട്ടു ചെയ്‌തു. കനത്ത ഒരു ശിക്ഷയായിരുന്നു അത്. ഇത്രയും വലിയ ശിക്ഷ ഈ സർക്കാരിന് കൊടുക്കേണ്ടി ഇല്ലായിരുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും തിരഞ്ഞെടുപ്പ് വിജയം. സ്ഥാനാർത്ഥി മെച്ചം തന്നെയായിരുന്നെങ്കിലും രാഷ്‌ട്രീയം പ്രധനമാണല്ലോ'. അതുകൊണ്ടുതന്നെ അടുത്ത വർഷം തീർച്ചയായും ഭരണത്തുടർച്ച ഉണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.