പാകിസ്ഥാൻ ഭരിച്ചിരുന്ന ഒരു പട്ടാളമേധാവിക്കും സുഖകരമായ അന്ത്യമായിരുന്നില്ല ലഭിച്ചത്. 1958 മുതൽ 69 വരെ പാകിസ്ഥാനെ അടക്കിഭരിച്ചിരുന്ന സൈനിക മേധാവി അയൂബ് ഖാന് സൈന്യത്തിൽ നിന്നുള്ള സമ്മർദ്ദത്താൽ തന്നെ അധികാരം വിട്ടൊഴിയേണ്ടി വന്നു. അതുപോലെ മറ്റൊരു സ്വേച്ഛാധിപതിയായിരുന്ന സിയാ ഉൾ ഹഖിന്റെ അന്ത്യം 1988 ൽ വിമാനാപകടത്തിലായിരുന്നു. അത് വെറും അപകടമരണമായിരുന്നില്ല. എന്നാൽ ഇവർക്ക് രണ്ടുപേർക്കും സംഭവിച്ചതിനേക്കാൾ വലിയ ദുര്യോഗമാണ് പാകിസ്ഥാന്റെ മൂന്നാം പട്ടാളഭരണാധികാരി പർവേസ് മുഷാറഫിന് സംഭവിച്ചിരിക്കുന്നത്.
പാകിസ്ഥാന്റെ ചരിത്രത്തിൽ, ഒരു സൈനിക മേധാവിക്ക് ഒരിക്കലും സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതാത്ത വിധിയാണ് പെഷവാർ പ്രത്യേക കോടതിയുടേത്. പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് യു.എ.ഇയിൽ താമസിക്കുന്ന മുഷാറഫിനെ രാജ്യദ്റോഹക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. 2007 നവംബർ മൂന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടന റദ്ദാക്കിയതാണ് രാജ്യദ്റോഹക്കുറ്റം. 42 ദിവസത്തേക്കാണ് മുഷാറഫ് അന്ന് ഭരണഘടന റദ്ദ് ചെയ്തത്.
കരുത്തുകാട്ടി കോടതി
2007 ൽ ഭരണഘടന റദ്ദുചെയ്തപ്പോൾ മുഷാറഫ് പാകിസ്ഥാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ ചൗധരിയെയും മറ്റ് ജഡ്ജിമാരെയും പിരിച്ചുവിടുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഇതിനെതിരെ വൻ പ്രക്ഷോഭമാണ് അഭിഭാഷകരുടെ നേതൃത്വത്തിൽ അന്ന് പാകിസ്ഥാനിൽ അരങ്ങേറിയത്. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന മുഷാറഫിന് കാര്യങ്ങൾ കൈവിട്ടത് അഭിഭാഷകർ നേതൃത്വം നൽകിയ പ്രതിഷേധം ജനകീയ പ്രക്ഷോഭമായി മാറിയതോടെയാണ്. ഈ പ്രക്ഷോഭം 2008 ലെ തിരഞ്ഞെടുപ്പിൽ മുഷാറഫിനെ പരാജയപ്പെടുത്തി. തുടർന്ന് അദ്ദേഹം രാജിവയ്ക്കേണ്ടി വന്നു. 2019 ൽ കോടതി മുഷാറഫിന് വധശിക്ഷയും നൽകിയിരിക്കുന്നു. യഥാർത്ഥത്തിൽ കോടതിയെ വിലകുറച്ച് കണ്ടതാണ് മുഷാറഫിനേറ്റ എല്ലാ തിരിച്ചടികളുടെയും പ്രധാന കാരണം.
നാൾവഴി
1999 ഒക്ടോബർ 12 ന് , തന്നെ സൈനിക മേധാവിയായി നിയമിച്ച അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് മുഷാറഫ് അധികാരം പിടിച്ചെടുത്തത്.
കറാച്ചി വിമാനത്താവളത്തിൽ മുഷാറഫിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഇറക്കാൻ അനുമതി നിഷേധിച്ച നവാസ് ഷെരീഫിനെയും കൂട്ടരെയും പാക് സൈന്യം തടങ്കലിലാക്കിയാണ് അധികാരം പിടിച്ചെടുത്തത്. പിന്നീട് 2008 ആഗസ്റ്റ് 18 വരെ മുഷാറഫിന്റെ ഭരണമായിരുന്നു. ഭരിക്കുന്നതിനെക്കാൾ ജനസേവനമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞാണ് മുഷാറഫ് അധികാരത്തിലേറിയത്.
മുൻകാല സൈനിക ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ ജീവിതരീതിയും മിതവാദ ആശയങ്ങളും അദ്ദേഹത്തെ വേറിട്ടുനിറുത്തി. തീവ്രവാദികൾക്ക് എതിരെ പല ഘട്ടങ്ങളിലും കടുത്ത നിലപാടുകൾ അദ്ദേഹം സ്വീകരിച്ചു. 2007 മേയിൽ പാക് തീവ്രവാദികളുടെ കോട്ടയായ ലാൽ മസ്ജിദിൽ സൈനിക നടപടിയിലൂടെ നിരവധി തീവ്രവാദികളെ കൊന്നൊടുക്കി. എന്നാൽ കാർഗിൽ യുദ്ധത്തിന്റെ ശില്പി മുഷാറഫ് ആയിരുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു.
ചില തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലൂടെ പ്രധാന രാഷ്ട്രീയ എതിരാളികളായിരുന്ന നവാസ് ഷെരീഫിനും ബേനസീർ ഭൂട്ടോയ്ക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തി. ഒരു രാഷ്ട്രീയ തിരിച്ചുവരവിനുള്ള സൂചനകൾ നൽകിയ ബേനസീർ ഭൂട്ടോയുടെ മരണത്തിലും മുഷാറഫിന് പങ്കുള്ളതായി കരുതുന്നു. തീവ്രവാദികളിൽ നിന്ന് കടുത്ത എതിർപ്പാണ് മിതവാദിയായ മുഷാറഫ് നേരിട്ടത്. 2008 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം കുറ്റവിചാരണയിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം ബ്രിട്ടനിലേക്ക് കടന്നു. 2009 ൽ തന്നെ മുഷാറഫ് ഭരണഘടന റദ്ദാക്കിയ നടപടി നിയമവിരുദ്ധമെന്ന് കോടതി വിധിച്ചിരുന്നു.
2009 മുതൽ ബ്രിട്ടനിൽ കഴിഞ്ഞിരുന്ന മുഷാറഫ് 2013 ൽ ജാമ്യം കിട്ടിയപ്പോഴാണ് പാകിസ്ഥാനിൽ തിരിച്ചുവരുന്നത്. തിരികെയെത്തിയതിന് ശേഷം പല രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുകയും ഒരു തിരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി നടപടികൾ അദ്ദേഹത്തിനെതിരെയുള്ള കുരുക്ക് മുറുക്കിക്കൊണ്ടിരുന്നു. അപകടം മണത്ത മുഷാറഫ് ആരോഗ്യകാര്യം പറഞ്ഞ് യു.എ.ഇയിലേക്ക് കടന്നു. കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് പലതവണ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുടക്കിക്കൊണ്ടിരുന്നു. അവസാനം മുഷാറഫ് ഭരണഘടന റദ്ദാക്കിയത് കടുത്ത രാജ്യദ്റോഹക്കുറ്റമാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. പാകിസ്ഥാൻ രാഷ്ട്രീയത്തിൽ ഈ വിധിക്ക് വലിയ മാനങ്ങളുണ്ട്.
(ലേഖകന്റെ ഫോൺ : 9447145381)