റാഞ്ചി: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അർബൻ നക്സലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗൊറില്ല രാഷ്ട്രീയം അവസാനിപ്പിക്കൂ. ഇന്ത്യൻ ഭരണഘടനയാണ് ഞങ്ങളുടെ വിശുദ്ധ ഗ്രന്ഥം. യുവാക്കൾ ജനാധിപത്യപരമായി പ്രതിഷേധിക്കണം. ഞങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാണ്. എന്നാൽ ചില കക്ഷികളും, അർബൻ നക്സലുകളുമാണ് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് - മോദി പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും മോദി വിമർശിച്ചു. എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് പ്രക്ഷോഭത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. മുസ്ലിം സമുദായാംഗങ്ങൾക്കിടയിൽ ഭയം പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമം. ഞാൻ കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും ധൈര്യമുണ്ടെങ്കിൽ എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകാൻ അവർ തയാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കട്ടെ. അങ്ങനെയെങ്കിൽ രാജ്യം തന്നെ അവർക്ക് നൽകേണ്ടി വരും’.– മോദി പറഞ്ഞു. പച്ചക്കള്ളമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു പൗരനെയും ദോഷകരമായി ഈ നിയമം ബാധിക്കില്ല. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കു കൂടി വേണ്ടിയാണ് ഈ നിയമം സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കാക്കി വച്ചു. കോൺഗ്രസ് അധികാരം നിലനിറുത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി.