ലക്നൗ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഇരട്ട കൊലപാതക കേസിലെ പ്രതിയെ കോടതി മുറിക്കുള്ളിൽ വെടിവച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് അൻസാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷാനവാസിനെ ഇന്നലെ ഉച്ചക്കഴിഞ്ഞ് ചീഫ് ജുഡിഷ്യൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ മൂന്നു പേർ എഴുന്നേറ്റ് ഷാനവാസിനു നേരേ വെടിയുതിർക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്നു പിടിച്ച് അറസ്റ്റ് ചെയ്തു. ഷാനവാസ് കൊലപ്പെടുത്തിയ ഹാജി അഹ്സാൻ ഖാന്റെ മകനും രണ്ടു സഹായികളുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒരു കോടതി ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.എസ്.പി നേതാവ് ഹാജി അഹ്സാൻ ഖാനെയും അനന്തരവനെയും കൊന്ന കേസിലെ പ്രതിയാണ് ഷാനവാസ് അൻസാരി. കഴിഞ്ഞ ദിവസമാണ് ഷാനവാസ് പൊലീസിൽ കീഴടങ്ങിയത്.