telecom

ന്യൂഡൽഹി: ഒരു ടെലികോം കമ്പനിയിൽ നിന്ന് മറ്രൊന്നിലേക്കുള്ള കാളുകൾക്ക് ഈടാക്കുന്ന ഇന്റർകണക്‌ട് യൂസേജ് ചാർജ് (ഐ.യു.സി)​ സൗജന്യമാക്കുന്നത് ടെലികോം റെഗുലേറ്രറി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്)​ 2021 ജനുവരി ഒന്നിലേക്ക് മാറ്രി. അതുവരെ സെക്കൻഡിന് 0.06 പൈസ എന്ന നിലവിലെ നിരക്ക് തുടരും. 2020 ജനുവരി ഒന്നുമുതൽ നിരക്ക് പൂജ്യമാക്കാനുള്ള തീരുമാനമാണ് ഒരുവർഷത്തേക്ക് നീട്ടിയത്.

വൊഡാഫോൺ - ഐഡിയ,​ ഭാരതി എയർടെൽ എന്നിവയ്ക്ക് നേട്ടമാകുന്നതും റിലയൻസ് ജിയോയ്ക്ക് തിരിച്ചടിയാകുന്നതുമാണ് ട്രായിയുടെ പുതിയ തീരുമാനം. ഉപഭോക്താവ് ഒരു നെറ്ര്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് കാൾ ചെയ്യുമ്പോൾ,​ കാൾ സ്വീകരിക്കപ്പെടുന്ന കമ്പനിക്ക് ഉപഭോക്താവിന്റെ കമ്പനി നൽകേണ്ട ചാർജാണിത്. നിലവിൽ,​ എയർടെല്ലും വൊഡാഫോൺ-ഐഡിയയും ഐ.യു.സിയിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്. ജിയോ ഐ.യു.സി നഷ്‌ടമാണ് നൽകുന്നത്.

ഐ.യു.സി നിരക്ക് ഒഴിവാക്കുന്നത് നീട്ടുമെന്ന സൂചന ട്രായ് നേരത്തേ തന്നെ നൽകിയിരുന്നതിനാൽ,​ ഈ ബാദ്ധ്യത ഉപഭോക്താക്കൾ തന്നെ വഹിക്കണമെന്ന് ജിയോ ആവശ്യപ്പെട്ടിരുന്നു. പകരം ഇത്രയും തുകയ്ക്കുള്ള സൗജന്യ ഡാറ്റ ജി​യോ കൂടുതൽ നൽകും. യൂസേജ് നി​രക്ക് ട്രായ് ഒഴി​വാക്കി​യാൽ പഴയ താരിഫി​ലേക്ക് മാറുമെന്നും ജി​യോ പ്രഖ്യാപിച്ചിരുന്നു.