un-security-council

പാകിസ്ഥാനും ചൈനയ്‌ക്കും തിരിച്ചടി

യു. എൻ. :ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ചർച്ചചെയ്യാൻ ഇന്നലെ ചേരാനിരുന്ന ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ യോഗം നടന്നില്ല. ചൈനയുടെ നിർബന്ധപ്രകാരമാണ് കാശ്‌മീർ പ്രശ്‌നം ചർച്ച ചെയ്യാൻ രക്ഷാസമിതിയിൽ നീക്കം നടന്നത്. എന്നാൽ ഇന്നലത്തെ യോഗം മാറ്റിയതിന്റെ കാരണം രക്ഷാസമിത് വ‌ത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കാശ്‌മീർ പ്രശ്നം ഇപ്പോൾ രക്ഷാസമിതി ചർച്ച ചെയ്യില്ലെന്ന് യു. എന്നിലെ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി മാദ്ധ്യമങ്ങളോട് പറഞ്ഞു. കാശ്‌മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരിഹരിക്കേണ്ടതാണെന്നാണ് ഫ്രാൻസിന്റെ നിലപാട്. അത് ഞങ്ങൾ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികൾ അടുത്തു തന്നെ അതിർത്തി പ്രശ്നം ചർച്ചചെയ്യാനിരിക്കെയാണ് രക്ഷാമിതിയിൽ കാശ്‌മീർ പ്രശ്നം കൊണ്ടു വരാൻ ചൈന ശ്രമിച്ചത്.രക്ഷാസമിതി ചർച്ച മാറ്റിയത് ചൈനയ്‌ക്ക് മാത്രമല്ല, പാകിസ്ഥാനും തിരിച്ചടിയായി. അതുപോലെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഇന്ന് വാഷിംഗ്‌ടണിൽ നടക്കുന്ന 2+2 മന്ത്രിതല ചർച്ചയും ചൈനീസ് നീക്കത്തിന്റെ നിഴലിലായിരുന്നു. രക്ഷാസമിതി ചർച്ച മാറ്റിയതോടെ ആ കാർമേഘവും ഒഴിഞ്ഞു.