കൊൽക്കത്ത / ഗുവാഹത്തി / ഷില്ലോംഗ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭകർ റോഡുകളിലും റെയിൽവേ ട്രാക്കുകളിലും ഗതാഗത തടസപ്പെടുത്തി. വടക്കൻ ബംഗാളിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവരെ 354 പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാൾഡ, ഉത്തർ ഡിഞ്ചാപൂർ, മുർഷിദാബാദ്, വടക്കൻ 24 പർഗാനാസ് ജില്ലയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചിട്ടില്ല.
അതേസമയം, ബില്ലിന് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകർ സംസ്ഥാന വ്യാപകമായി റാലി നടത്തി. താൻ ജീവിച്ചിരുന്നാൽ ബംഗാളിൽ ബിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി പറയുന്നത്. ബില്ലിനെതിരെ ജാവേദ്പൂർ മുതൽ ഭവാനിപ്പൂർ വരെ റാലി നടത്താനുള്ള ഒരുക്കത്തിലാണ് മമത.
അസാമിലെ ഗുവാഹത്തിയിൽ സ്ഥിതി നിയന്ത്രണ വിധേയമായതോടെ കർഫ്യൂ പിൻവലിച്ചു. കടകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിച്ചു. വാഹനങ്ങളും നിരത്തിലിറങ്ങി. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. ഷില്ലോംഗിൽ 13 മണിക്കൂർ നിരോധനാജ്ഞ മയപ്പെടുത്തി. തിങ്കളാഴ്ച മുതൽ അനിഷ്ട സംഭവങ്ങൾ നടന്നിട്ടില്ല.