ayesha-renna

ന്യൂഡൽഹി: ഏതാനും ദിവസം മുൻപാണ് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പൊലീസുകാർ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 'ഡൽഹി പൊലീസ് ഗോ ബാക്ക്, ഗോ ബാക്ക്' എന്ന് പറഞ്ഞുകൊണ്ട് അയിഷയും കൂട്ടുകാരി ലദീദ ഫർസാനയും പൊലീസുകാരിൽ നിന്നും മർദ്ദനമേൽക്കുന തങ്ങളുടെ സുഹൃത്തായ ഷഹീനിനെ കൂട്ടം ചേർന്ന് സംരക്ഷിക്കുന്ന വീഡിയോ ദൃശ്യവും ഇക്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. പെൺകുട്ടികളുടെ പ്രതിരോധത്തിനിടയിലും ഷഹീനിനെ തല്ലുന്ന ഡൽഹി പൊലീസിനെയാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളെ കുറിച്ചും തങ്ങളെ നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും പ്രതികരിക്കുകയാണ് അയിഷ.

'പൊലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഓടിച്ചിട്ടാണ് അവരിത് ചെയ്തത്. ഞങ്ങളോട് പൊലീസുകാർ പുറത്തുവരാൻ ആവശ്യപ്പെട്ടു. ഇതുകേട്ടുക്കൊണ്ട്, അവരോടു പോകാൻ പറഞ്ഞുകൊണ്ട് ഞാനും സുഹൃത്തുക്കളും പുറത്തേക്ക് വരാൻ ആരംഭിച്ചു. പെൺകുട്ടികളെ പൊലീസ് ഉപദ്രവിക്കില്ല എന്നാണ് ഞങ്ങൾ കരുതിയത്. അപ്പോൾ അവർ ഷഹീനിനെ ആക്രമിക്കുകയായിരുന്നു.' അയിഷ പറയുന്നു. ഈ സമയത്ത് ആസ്തമ രോഗിയായ ലദീദ ടിയർ ഗ്യാസ് പുക മൂലം ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. അയിഷയ്ക്കൊപ്പം ലദീദയ്ക്കും പൊലീസിൽ നിന്നും മർദ്ദനമേറ്റിരുന്നു. നടുവിനാണ് ലദീദയ്ക്ക് ലാത്തി കൊണ്ടുള്ള അടിയേറ്റത്. ഇതിനിടയിലും പൊലീസിന്റെ ക്രൂരമർദ്ദനം മൂലം മുഖത്തിന് പരിക്കേറ്റ ഷഹീനിനെ സംരക്ഷിക്കാൻ പെൺകുട്ടികൾ ശ്രമിച്ചിരുന്നു. താൻ തന്റെ പ്രസ് കാർഡും കോളേജ് ഐ.ഡി കാർഡും കാണിച്ചിട്ടും തന്നെ ആക്രമിക്കുന്നതിൽ നിന്നും പൊലീസുകാർ പിന്തിരിഞ്ഞില്ലെന്ന് ഷഹീനും പറയുന്നു. സംഭവശേഷം മൂവരും വിദഗ്ദ ചികിത്സ തേടിയിരുന്നു.