mammootty

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. ഈ നിയമത്തിനെതിരെ സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. ജാതി, മതം, വർഗം തുടങ്ങിയ പരിഗണനകൾക്ക് അതീതമായി ഉയർന്നാൽ മാത്രമേ നമുക്ക് ഒരു രാഷ്ട്രമെന്ന നിലയിൽ മുന്നേറാൻ സാധിക്കു. നമ്മുടെ കൂട്ടായ്മക്ക് എതിരായി വരുന്ന എല്ലാ ശക്തികളെയും നാം നിരുത്സാഹപ്പെടുത്തണം- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ജയസൂര്യ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് പാർവ്വതി തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.'ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒരുമിപ്പിക്കാൻ ഈ ചൂണ്ടു വിരൽ മതിയാകും. ഭരണഘടനയോട് സത്യസന്ധരായിരിക്കുക. ഇന്ത്യയുടെ യഥാർത്ഥ മക്കളായി നിലകൊള്ളുക, ജയ് ഹിന്ദ്'.. കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു. 'മതേതരത്വം വിജയിക്കട്ടെ' എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിപ്ളവം എല്ലായ്പ്പോഴും ആഭ്യന്തരസൃഷ്ടിയാണെന്നും ഉണരൂവെന്നും സമരചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ടൊവീനോയുടെ കുറിപ്പ്. 'ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്‌നുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!' ടൊവീനോയുടെ കുറിച്ചു.