rape

പാട്ന: ബീഹാറിലെ മുസാഫിർപൂരിൽ മാനഭംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച 23കാരി മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ 7ാം തീയതി യുവതി തന്റെ ബന്ധുക്കളായ കുട്ടികളുമായി നസീർപൂരിലെ വീട്ടിൽ തനിച്ച് ഇരിക്കുമ്പോഴായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന രാജാ റായി എന്ന ആളാണ് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. മാനഭംഗ ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ യുവതിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം മുസാഫർപൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് പാട്നയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനിക്ക് നീതി വേണമെന്നും കുറ്റവാളിയെ തൂക്കിലേറ്റണമെന്നും മരണക്കിടക്കയിൽ വച്ച് യുവതി ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.