സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ നിന്നു പാമ്പ് കടിയേറ്റ് സർവജന ഗവ.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് ബത്തേരി കരകയറും മുമ്പ് ,സമീപത്തെ സ്‌കൂൾ മുറ്റത്ത് വച്ച് ഇന്നലെ ഏഴു വയസ്സുകാരന് പാമ്പ് കടിയേറ്റു.
ബത്തേരിക്കടുത്ത് ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ദൊട്ടപ്പൻകുളം കാപ്പാട് സുലൈമാന്റെ മകൻ മുഹമ്മദ് റിയാനിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുട്ടിയെ മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയതോടെ റിയാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് പന്ത്രണ്ടരയോടെ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയ റിയാൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി ആമിനയെ മുറ്റത്ത് കാത്തുനിന്നതായിരുന്നു. കാലിൽ എന്തോ കടിച്ചതായി തോന്നിയെങ്കിലും അപ്പോൾ ആരോടും പറഞ്ഞില്ല. കുറച്ചുകഴിഞ്ഞ് ആമിനയ്ക്കൊപ്പം ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തി. പിന്നീട് അസ്വാസ്ഥ്യം കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് തന്നെ സ്‌കൂളിന്റെ മുറ്റത്ത് നിന്ന് എന്തോ കടിച്ചതായി കുട്ടി പറയുന്നത്. ഉടനെ സ്‌കൂളിൽ വിവരമറിയിച്ച വീട്ടുകാർ റിയാനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രഥമശുശ്രുഷ നൽകിയശേഷം ഒന്നരയോടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുയായിരുന്നു. കുട്ടിയെ കടിച്ചത് ഏതിനത്തിൽപ്പെട്ട പാമ്പാണന്ന് സ്ഥീരികരിച്ചിട്ടില്ല.