വടകര: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സംയുക്ത സമിത ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം നടന്നിരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഹർത്താലനുകൂലികൾ ബസുകൾ തടയുകയും, ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. അതേ സമയം കോഴിക്കോട് വടകരയിൽ ബസ് തടഞ്ഞ സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കു തർക്കത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സമരാനുകൂലികൾ തടയുകയായിരുന്നു. തുടർന്ന് ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ജീവനക്കാർ പ്രതിഷേധക്കാരെ ധൈര്യസമേതം നേരിട്ടു. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ബസ് തടയുന്നതിന്റെ വീഡിയോ ബസ് ജീവനക്കാർ തന്നെ പകർത്തിയിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബസ് തടഞ്ഞ 10 പേർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിന്റെ പലയിടങ്ങളിലും കടകൾ അടപ്പിക്കാൻ ഹർത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരെയൊക്കെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ നൂറിൽ കൂടുതൽ ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.