ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് പിന്നിൽ അർബൻ നക്സലുകളും ഏതാനും രാഷ്ട്രീയ പാർട്ടികളുമാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങൾ ജനാധിപത്യപരമാകണമെന്നും സർക്കാരിന്റെ നയങ്ങൾ സമാധാനപരമായി ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും മോദി രാജ്യത്തെ കോളേജുകളിലെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
അങ്ങനെയാണെങ്കിൽ വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നുണപ്രചാരണം നടത്തുകയാണെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അവർ മുസ്ലീങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽപങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
'ഈ ഗറില്ല രാഷ്ട്രീയം അവസാനിപ്പിക്കുക. നമ്മുടെ ഒരേയൊരു വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. രാജ്യത്തിന്റെ നയങ്ങളെ സംബന്ധിച്ച് സംവാദം നടത്താൻകോളജുകളിലെ യുവജനങ്ങൾ തയ്യാറാവണം. ജനാധിപത്യപരമായിരിക്കണം ഓരോ പ്രതിഷേധവും. നിങ്ങൾ പറയുന്നത് എല്ലാം കേൾക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാല്‍ ചില പാർട്ടികർ, അർബൻ നക്‌സലുകൾ, തോളിൽ കയറി നിന്ന് വെടിയുതിർക്കുകയാണ്'. മോദി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ പൗരന്റെ അവകാശങ്ങളെ ഹനിക്കുന്നതല്ലെന്നും മോദി അഭിപ്രായപ്പെട്ടു.
കോളജുകളിലും സർവകലാശാലകളിലുമുളള വിദ്യാർത്ഥികൾ അവരുടെ പ്രാധാന്യം മനസ്സിലാക്കണം. അവരുടെ ജീവിതത്തിലെ നിർണായക കാലഘട്ടത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാനും തയ്യാറാവണം. പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ പാകിസ്ഥാനി പൗരന്മാർക്കും ഇന്ത്യൻ പൗരത്വം നൽകുമോയെന്ന് പ്രഖ്യാപിക്കാനും ജമ്മുകശ്മീരിലും ലഡാക്കിലും ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാൻ തയ്യാറാവുമോ എന്നും മോദി വെല്ലുവിളിച്ചു.