തുണയായി ബ്രെക്‌സിറ്റ്, വ്യാപാരയുദ്ധത്തിന്റെ ശമനം
കൊച്ചി: ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ പുതിയ ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോറിസ് ജോൺസൺ വീണ്ടും അധികാരം പിടിച്ചതോടെ, ബ്രെക്‌സിറ്രിന് (യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം) വേഗം കൂടുമെന്ന വിലയിരുത്തലും അമേരിക്ക-ചൈന വ്യാപാരയുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനകളുമാണ് ഓഹരികൾക്ക് നേട്ടമായത്.
സെൻസെക്‌സ് വ്യാപാരാന്ത്യം 413 പോയിന്റ് നേട്ടവുമായി 41,352ലാണുള്ളത്. ഇത് സെൻസെക്‌സിന്റെ റെക്കാഡ് ക്ലോസിംഗ് പോയിന്റാണ്. നിഫ്‌റ്റി 111 പോയിന്റ് മുന്നേറി പുതിയ ഉയരമായ 12,165 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ ഒരുവേള 463 പോയിന്റ് മുന്നേറി സെൻസെക്‌സ് 41,402വരെ എത്തിയിരുന്നു. ടാറ്രാ സ്‌റ്റീൽ, ഭാരതി എയർടെൽ, വേദാന്ത, ടാറ്രാ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., ഇൻഫോസിസ് എന്നിവയാണ് ഇന്നലെ നേട്ടക്കുതിപ്പിന് നേതൃത്വം വഹിച്ചത്.
ബ്രെക്‌സിറ്റ്, വ്യാപാരയുദ്ധ ശമനം എന്നിവയുടെ പശ്‌ചാത്തലത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഓഹരികളിലേക്ക് പണമൊഴുക്കുന്നതാണ് ഓഹരികളെ പുതിയ ഉയരത്തിലേക്ക് നയിക്കുന്നത്. തിങ്കളാഴ്‌ച മാത്രം വിദേശ നിക്ഷേപകർ 728 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിയിരുന്നു.
ഇന്നലെ സെൻസെക്‌സിലെ നിക്ഷേപമൂല്യത്തിലുണ്ടായ വർദ്ധന 1.22 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 153.05 ലക്ഷം കോടി രൂപയിൽ നിന്ന് 154.27 ലക്ഷം കോടി രൂപയായി ഉയർന്നു.