തിരുവനന്തപുരം: കേന്ദ്ര റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയ സെമി- ഹൈസ്പീഡ് റെയിൽവെ ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് കടന്നുപോവുക. പദ്ധതിക്കായി ആറായിരത്തോളം വീടുകൾ പൊളിക്കേണ്ടി വരും. 12 കിലോമീറ്ററിൽ മേൽപ്പാലവും രണ്ടര കിലോമീറ്ററിൽ തുരങ്കവുമുണ്ടാവും. അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്. ലോകനിലവാരമുള്ള സ്റ്റേഷനുകളും അനുബന്ധമായി ഉപഗ്രഹനഗരങ്ങളും ഉയരും .റെയിൽപ്പാതയ്ക്ക് ഇരുവശവും സർവീസ് റോഡുകൾ ഉള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും.
സെമി- ഹൈസ്പീഡ് റെയിൽവേയ്ക്കായി തിരുവനന്തപുരം മുതൽ തിരുനാവായ വരെ പുതിയ അലൈൻമെന്റിൽ രണ്ടു ലൈൻ ഗ്രീൻഫീൽഡ് പാതയുണ്ടാക്കണം. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽ പാതയ്ക്ക് സമാന്തരമായി പുതിയ പാതകളും വേണം.
അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതിക്ക് 7720 കോടിയുടെ ഓഹരിയും സാങ്കേതിക സഹായവും റെയിൽവെ വാഗ്ദാനം ചെയ്തിരുന്നു. ഓഹരി വിഹിതം കുറച്ച് വിദേശവായ്പ കൂട്ടണമെന്ന നിർദ്ദേശം റെയിൽവേ ബോർഡ് മുന്നോട്ടു വച്ചിട്ടുണ്ട്. റെയിൽവേയ്ക്ക് 49 ശതമാനവും സംസ്ഥാനത്തിന് 51 ശതമാനവും ഓഹരിയുള്ള റെയിൽവേ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ) പദ്ധതി നടത്തിപ്പ് ചുമതല. 34,454 കോടി
യുടെ വിദേശ വായ്പക്ക് ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, ഫ്രാൻസിലെ എ.എഫ്.ഡി, ജർമ്മൻ ബാങ്ക് എന്നിവയുമായി കെ.ആർ.ഡി.സി.എൽ ചർച്ച നടത്തിയിട്ടുണ്ട്.