ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിന്റെ വീര്യം കെടുത്താനായി മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ പൂട്ടിയയോടെ പുറത്തായ അലിഗഡ്, ജാമിയ സർവകാലാശാലകളിലെ മലയാളി വിദ്യാർത്ഥികളെ ഡൽഹി കേരള ഹൗസിൽ അഭയം. കേരള ഹൗസിലെ ഡോർമെട്രി ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വിദ്യാർത്ഥികൾക്ക് താമസവും മറ്റു സൗകര്യങ്ങളും ഒരുക്കി. അലിഗഡിൽ നിന്നുമുള്ള വിദ്യാർത്ഥികൾ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഡൽഹിയിലെത്തിയത്. പെൺകുട്ടികളടക്കം 86 വിദ്യാർത്ഥികളാണ് കേരള ഹൗസിൽ എത്തിയത്.
ഇതിൽ പെൺകുട്ടികൾക്ക് ട്രാവൻകൂർ ഹൗസിലും ആൺകുട്ടികൾക്ക് പുറത്ത് വിവിധ ഡോർമെറ്ററികളിലുമാണ് താമസസൗകര്യം ഒരുക്കിയത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇന്നലെ കേരള ഹൗസിൽ എത്തി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് എം.പി. ഇ.ടി മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ളവർ ഇവരുടെ താമസ, യാത്ര സൗകര്യങ്ങൾക്കായി ഇടപെട്ടിട്ടുണ്ട്. യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ട്രെയിനിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീർ റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അനുഭാവപൂർവം പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പു നൽകിയട്ടുണ്ട്. നാളെ മംഗള എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.