ന്യൂഡൽഹി: പൊതുമുതൽ നശിപ്പിക്കുന്നവരെ 'ഷൂട്ട് അറ്റ് സൈറ്റ്' വഴി വെടിവെച്ച് കൊലപ്പെടുത്തണമെന്ന ഉത്തരവുമായി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് ചന്നബസപ്പ അംഗഡി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളിൽ സമരം ചെയ്തവർ ബംഗാളിലെ മുർഷിദാബാദിലെ ഒരു റെയിൽവേ സ്റ്റേഷന് തീയിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇത് സംബന്ധിച്ച് മുർഷിദാബാദ് ജില്ലാ ഭരണകൂടത്തിനും റെയിൽവേ അധികൃതർക്കും താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരെങ്കിലും പൊതുമുതൽ നശിപ്പിക്കുകയാണെങ്കിൽ അവരെ വെടിവെച്ച് കൊലപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്.
താൻ കേന്ദ്ര മന്ത്രി എന്ന നിലയിലാണ് ഈ ഉത്തരവ് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ മാസം പതിമൂന്നിനാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്നവർ റെയിൽവേ സ്റ്റേഷന് തീയിട്ടത്. റെയിൽവേ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെയും ഇവർ ആക്രമിച്ചിരുന്നു. നിയമത്തിനെതിരെ സമരം ചെയ്യുന്നവർ സംയമനം പാലിക്കണം എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശം അവഗണിച്ചുകൊണ്ടാണ് പ്രതിഷേധകർ ഈവിധം പെരുമാറിയത്.
ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും റെയിൽവേയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ആ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടു കൂടിയാണ് ഏതാനും സാമൂഹ്യ വിരുദ്ധർ ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. വല്ലഭായ് പട്ടേൽ ചെയ്തത് പോലെ ഇത്തരത്തിലുള്ളവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ പൗരമാർക്ക് യാതൊരു ദോഷവും വരുത്തുന്നതല്ല. കേന്ദ്രമന്ത്രി പറയുന്നു.