തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിൽ സമരാനുകൂലികൾ എറിഞ്ഞു തകർത്തത് 18 കെ.എസ്.ആർ.ടി.സി ബസുകൾ. ബസുകളുടെ ചില്ലുകൾ തകർന്നതിൽ 2,16,000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത്രയും ബസുകളുടെ രണ്ട് ദിവസത്തെ സർവീസുകൾ കൂടി മുടങ്ങുന്നതോടെ വരുമാനത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുക. തകർക്കപ്പെട്ട 18 ബസുകളിൽ 13 എണ്ണം ഓർഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നൽ ബസിന്റേയും ചില്ലുകൾ തകർന്നിട്ടുണ്ട്. ഒരു ബസ് നന്നാക്കുന്നതിനായി പന്ത്രണ്ടായിരം രൂപയോളമാണ് ചിലവാകുക. ഹർത്താല്‍ കാരണം സർവീസുകൾ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം വേറെയുമുണ്ട്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് വിവിധ സംഘടനകൾ ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടപ്പാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ളിമിതര ന്യൂനപക്ഷങ്ങളെ ഇന്ത്യൻ പൗരന്മാരാകാൻ അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.