കുന്ദമംഗലം: പ്രവാസിയായ സഹോദരന്റെ പ്രണയത്തിന്റെ പേരിൽ യുവാവിനെ വീട്ടിൽ കയറി മർദിച്ചു. പതിമംഗലം സ്വദേശി ഉബൈദിനെയാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം ആളുകൾ ക്രൂരമായി അക്രമിച്ചത്. ഗൾഫിലുള്ള ജ്യേഷ്ഠൻ ഫർഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകൾ വീട്ടിൽക്കയറി തന്നെയും ഉമ്മ ഹൈറുന്നിസയേയും മർദിക്കുകയായിരുന്നെന്ന് ഉബൈദ് പറയുന്നു.
സഹോദരന്റെ പ്രണയത്തിന്റെ പേരിൽ ഞായറാഴ്ച പതിമംഗലം അങ്ങാടിയിൽ വെച്ചും കുറച്ച് പേർ തന്നെ മർദിച്ചിരുന്നെന്നും, പരിക്കേറ്റ നിലയിൽ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ പിടിച്ചു തരികമാത്രമാണ് പൊലീസ് ചെയ്തതെന്നും ഉബൈദ് പറയുന്നു.
അതേസമയം, ഉബൈദിനെ അക്രമിച്ച എട്ടുപേർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാലാണ് ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിൽ പോകാൻ യുവാവിനോട് പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.