തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ട ഏഴുപേരിൽ ഒരാൾ പിടിയിൽ. രാഹുൽ എന്ന വ്യക്തിയെയാണ് അധികൃതർ തൃശൂരിൽ നിന്ന് പിടികൂടിയത്. റിമാൻഡ് തടവുകാരായ തൻസീർ,വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അന്തേവാസികളായ ഏഴുപേർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഭക്ഷണം നൽകാനായി ഏഴുപേരെയും സെല്ലിൽ നിന്ന് പുറത്തിറക്കിയതായിരുന്നു. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ പൂട്ടിയിട്ടു. തടയാനെത്തിയ പൊലീസുകാരനായ രഞ്ജിത്തിനെ മർദ്ദിക്കുകയും, മൊബൈൽ ഫോണും മൂന്ന് പവന്റെ മാലയും തട്ടിയെടുക്കുകയും ചെയ്തു. ശേഷം പൊലീസുകാരന്റെ കൈവശമുള്ള താക്കോൽ തട്ടിയെടുത്താണ് പൂട്ട് തുറന്ന് രക്ഷപ്പെട്ടത്.