കോട്ടയം: ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ ചെയ്‌ത് പണം തട്ടിയെടുക്കുന്ന 'പട്ടാളത്തട്ടിപ്പുകാർ' വീണ്ടും രംഗത്ത്! ആറു മാസം മുൻപ് ജില്ലയിൽ വ്യാപകമായി തട്ടിപ്പ് നടത്തിയ സംഘം തന്നെയാണ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. പാലായിലും, ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും ഹോട്ടലുകളിൽ ഫോണിൽ വിളിച്ച് സംഘം തട്ടിപ്പ് നടത്തിയതായാണ് വിവരം. രണ്ടു ദിവസം മുൻപായിരുന്നു സംഭവം. ഈരാറ്റുപേട്ടയിലെ ഹോട്ടലിലേക്ക് വിളിച്ച സംഘം പ്രദേശത്ത് മിലട്ടറി ക്യാമ്പ് നടക്കുന്നതായും നൂറു പേർക്കുള്ള ഭക്ഷണം ആവശ്യമുണ്ടെന്നും അറിയിച്ചു. തുടർന്ന് ഹോട്ടൽ ഉടമ ഭക്ഷണം പായ്ക്ക് ചെയ്‌തു വച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഏറ്റുവാങ്ങാൻ ആരും എത്തിയില്ല. തുടർന്ന് കടയിലെ ജീവനക്കാരനായ ഉത്തരേന്ത്യക്കാരൻ ഭക്ഷണം ഓർഡർ ചെയ്‌ത വന്ന ഫോൺ നമ്പരിലേയ്‌ക്ക് തിരികെ വിളിച്ചു. അല്പസമയത്തിനകം എത്തുമെന്നും, അക്കൗണ്ട് നമ്പർ നൽകിയാൽ പണം ഇട്ടുനൽകാമെന്നുമായിരുന്നു മറുപടി. തുടർന്ന് ഹോട്ടൽ ജീവനക്കാരൻ അക്കൗണ്ട് നമ്പർ നൽകി. പിന്നാലെ മൊബൈലിലേയ്‌ക്ക് ഒ.ടി.പി നമ്പർ ലഭിച്ചു.
തൊട്ടു പിന്നാലെ വീണ്ടും വിളി എത്തി. എന്നാൽ ഹോട്ടൽ ജീവനക്കാരൻ നൽകിയ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നില്ല. ഇതോടെ തട്ടിപ്പ് സംഘം കബളിപ്പിക്കപ്പെട്ടു. പിന്നീട് ഇവർ ഫോൺ വിളിച്ചതുമില്ല. ഇതോടെയാണ് തങ്ങൾ തട്ടിപ്പിനു ഇരയായതായി ഹോട്ടലുകാർക്ക് വ്യക്തമായത്. ജാഗ്രത പാലിക്കണം ആറു മാസം മുൻപ് അൻപതോളം ഹോട്ടലുകളെ സംഘം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഏറ്റുമാനൂരിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഭക്ഷണത്തോടൊപ്പം അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും നഷ്‌ടമായി. തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ഹോട്ടൽ ഉടമകളും ജീവനക്കാരും ഉടമസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.