
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ 'ധരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാം' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജൻ. പർദ്ദ ധരിച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനശ്വര പ്രധാനമന്ത്രിയുടെ വിവേചനപരമായ പ്രസ്താവനയ്ക്ക്തിരെ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മോദിയുടെ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ട് 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ' എന്ന ക്യാപ്‌ഷനും അനശ്വര നൽകിയിട്ടുണ്ട്. ഇതിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് യുവനടി. 'റിജെക്റ്റ് സി.എ.ബി' എന്ന ഹാഷ്ടാഗും അനശ്വര പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് അനശ്വര രാജൻ.
മുൻപ്, മമ്മൂട്ടി, പാർവതി തിരുവോത്ത്, പൃഥ്വിരാജ്, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, സണ്ണി വെയ്ൻ തുടങ്ങിയ അഭിനേതാക്കൾ പൗരത്വ ഭേദഗതി ബില്ലിനെതിരെയും, അതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിനെതിരെയും നിലപാടെടുത്തുകൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് വിവിധ സംഘടനകൾ ഇന്നലെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ളിമിതര ന്യൂനപക്ഷങ്ങളെ ഇന്ത്യൻ പൗരന്മാരാകാൻ അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.