ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിലിലാണ് നടൻ അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇൻറർവ്യൂ ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു. അക്ഷയ് കുമാർ മോദിയോട് പ്രാധാന്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുവെന്ന രീതിയിൽ രൂക്ഷവിമർശനം വീഡിയോയ്ക്ക് നേരെ ഉയർന്നിരുന്നിരുന്നു. ഇപ്പോഴിതാ ഡൽഹിയിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന്റെ പരിപാടിയിൽ അന്നത്തെ അഭിമുഖത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
'ഗൗരമവേറിയ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വ്യത്യസ്തമാകണം അഭിമുഖം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു ചോദ്യം പൊലും മുൻകൂട്ടി ആരും പഠിപ്പിച്ചതല്ല. എന്നെ അഭിമുഖം ചെയ്തിട്ടുള്ള മിക്കയാളുകളും ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു മാങ്ങയെപ്പറ്റി പ്രധാനമന്ത്രിയോട് ചോദിച്ചത്. അദ്ദേഹവും സാധാരണ മനുഷ്യനല്ലേ മാങ്ങ കഴിക്കാം'-അക്ഷയ് കുമാർ പറഞ്ഞു.
പ്രധാനമന്ത്രിയെ അനുസരിക്കാൻ ഇന്ത്യൻ ജനതയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. 'ഒരു ക്രിക്കറ്റ് ടീമിന് ക്യാപറ്റനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തെ പിന്തുടരുകയെന്നത് അതിലെ അംഗങ്ങളുടെ ചുമതലയാണ്. അതേപോലെ ഇന്ത്യയിലെ ജനങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. അദ്ദേഹത്തെ അനുസരിക്കാൻ ജനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്'-താരം പറഞ്ഞു.