shivan

ആലപ്പുഴ: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ലോട്ടറി കച്ചവടക്കാരനോട് തോന്നിയ അനുകമ്പയിൽ ശിവന്റെയും ഓമനയുടെയും വീട്ടിലേക്കെത്തിയത് 70 ലക്ഷത്തിന്റെ ഭാഗ്യം. ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവനാണ്‌ സ്‌ത്രീശക്തി ലോട്ടറിയിൽ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയത്‌. ഹർത്താൽ ദിനത്തിൽ ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേക്കു പോയ ശിവൻ ഭാര്യയുടെ നിർബന്ധ പ്രകാരമാണ് ലോട്ടറി ടിക്കറ്റെടുത്തത്. എസ്‌വൈ 170457 എന്ന ടിക്കറ്റിനാണ് ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

ചൊവ്വാഴ്‌ച രാവിലെ 7.45ന് ചെട്ടികുളങ്ങര ദേവീക്ഷേത്രം സന്ദർശിച്ച്‌ വീട്ടിലേക്ക് മടങ്ങിയ ശിവനും ഭാര്യ ഓമനയും വീടിന് മുന്നിൽവച്ചാണ് ലോട്ടറി കച്ചവടക്കാരനെ കണ്ടത്. ഹ‌ൃദയ ശസ്‌ത്രക്രിയ കഴിഞ്ഞ ഇയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സാമ്പത്തിക പരാധീനതകളെക്കുറിച്ചും അറിയാവുന്ന ഓമനയുടെ നിർബന്ധത്തെത്തുടർന്നാണ്‌ ശിവൻ എസ് വൈ 170457 നമ്പർ ടിക്കറ്റെടുത്തത്.

35 വർഷമായി ക്രോൺക്രീറ്റ്‌ പണിചെയ്യുന്ന ശിവനും കുടുംബവും നാല്‌ സെന്റിലെ ചെറിയ വീട്ടിലാണ് കഴിയുന്നത്. ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ട്‌. കടം തീർത്ത ശേഷം ബാക്കി തുകയ്‌ക്ക് വീട് വയ്‌ക്കണമെന്നാണ് മോഹമെന്ന് ശിവൻ പറഞ്ഞു. തിരുവല്ല ടു സ്‌റ്റാർ ലോട്ടറി ഏജൻസിയുടേതാണ് ടിക്കറ്റ്.