ദുബായ്: നെതർലാൻഡ്‌സിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയും കൊടും കൊലപാതകിയുമായ റിദോൺ ടാഖി ദുബായ് പൊലീസിന്റെ വലയിൽ. ഏറ്റവും അപകടകാരികളായ ക്രിമിനലുകളിൽ ഒരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടാഖി ലോകത്തെ ലഹരിയുടെ വലയിൽ പെടുത്തിയ കുപ്രസിദ്ധ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ തലവൻ കൂടിയാണ്. വ്യാജ തിരിച്ചറിയൽ കാർഡുകളും കള്ളപാസ്പോർട്ടുമായി ദുബായിലെ ഒരു വില്ലയിൽ താമസമാക്കിയ 41കാരനായ ടാഖിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ദുബായ് പൊലീസ് പിടികൂടിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പൗരത്വമുള്ള അസിസ്റ്റന്റുമാരോടൊപ്പം ഇയാൾ സുഖലോലുപതയിൽ ദുബായിലെ ഒരു റസിഡൻഷ്യൽ പ്രദേശത്ത് താമസിച്ച് വരികയായിരുന്നു . ഇതേക്കുറിച്ചറിഞ്ഞ ദുബായ് പൊലീസ് ഇയാളുടെ വില്ല വളയുകയായിരുന്നു. ദുബായിൽ താമസിക്കുമ്പോൾ ടാഖി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ലെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ അബ്‌ദുല്ല അൽ മാരി വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിച്ചതിന് നെതർലാൻഡ്‌സിലെ പൊലീസ് കമ്മീഷണർ എറിക്ക് അക്ബർ ദുബായ് പൊലീസിന് തന്റെ നന്ദി അറിയിച്ചിട്ടുണ്ട്.
യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏറ്റവും അപകടകാരിയായ മാഫിയ സംഘമായ 'ഏഞ്ചൽസ് ഒഫ് ഡെത്തി'ന്റെ തലവനാണ് റിദോൺ ടാഖി. മയക്കുമരുന്നു കച്ചവടം, എണ്ണമില്ലാത്ത കൊലപാതകങ്ങൾ എന്നിവയ്ക്കെതിരെ ഇയാളുടെ പേരിലും സംഘാംഗങ്ങളുടെ പേരിലും നിരവധി കേസുകൾ നിലവിലുണ്ട്. റിദോൺ ടാഖിയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് നെതർലാൻഡ്‌സ് പൊലീസ് 79 ലക്ഷം രൂപ പാരിദോഷികം പ്രഖ്യാപിച്ചിരുന്നു.