court

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. പാർലമെന്റിൽ പാസായ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികളിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നോട്ടീസ്. ഹർജികളിൽ വാദം കേൾക്കാൻ തയാറാകാത്ത കോടതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനും തയാറായില്ല. തുടർന്ന് ഹർജികൾ പരിഗണിക്കുന്നത് കോടതി ജനുവരി 22ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. വിഷയത്തിൽ കോടതിക്ക് മുൻപിലായി 60 ഹർജികളാണ് എത്തിയിട്ടുള്ളത്. ഈ ഹർജികളിലെല്ലാം ജനുവരി രണ്ടാം വാരത്തോടു കൂടി കേന്ദ്ര സർക്കാരിന്റെ പ്രതികരണം നൽകണം എന്നാണ് സുപ്രീം കോടതി അറിയിച്ചിട്ടുള്ളത്. നിയമം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

സാധാരണ അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് പാർലമെന്റിൽ പാസാക്കിയ ഒരു നിയമം സുപ്രീം കോടതി സ്റ്റേ ചെയ്യാറ്. നിയമം മൗലികാവകാശത്തെ ലംഘിക്കുന്നതാണ് എന്ന ബോദ്ധ്യം വന്നാൽ മാത്രമാണ് സുപ്രീം കോടതി സ്റ്റേ ചെയുക. എന്നാൽ ഇപ്പോൾ ഈ ഹർജികളിൽ ഒരു തീരുമാനം സുപ്രീം കോടതി കൈകൊള്ളുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കിയിരിക്കുന്നത്. ഹർജികളിൽ കേന്ദ്രത്തിന്റെ വിശദമായ ഒരു സത്യവാങ്മൂലവും പ്രതികരണവും കിട്ടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു പ്രതികരണം ലഭിച്ച ശേഷം കേസുകളിലെ വാദം കേൾക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.