traffic


ബംഗളൂരു: പൊലീസുകാർ കൈക്കൂലി വാങ്ങുന്നത് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പുതിയ കാര്യമല്ല. അറസ്റ്റ് ചെയ്യലും സസ്‌പെൻഷനുമെല്ലാം ചുരുക്കമാണെന്നു മാത്രം. എന്നാൽ വ്യത്യസ്തമായ രീതിയിൽ കൈക്കൂലി വാങ്ങി സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ് ബംഗളൂരു അശോക് നഗർ സ്‌റ്റേഷനിലെ നാല് ട്രാഫിക് പൊലീസുകാർ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മണിയപ്പ, കോൺസ്റ്റബിൾമാരായ ഗംഗരാജ്, നാഗരാജ്, ഹർഷ എന്നിവരാണ് അറസ്റ്റിലായത്.

മദ്യപിച്ചു വാഹനമോടിച്ചവരിൽ നിന്നും ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ വഴി കൈക്കൂലി വാങ്ങുകയായിരുന്നു ഇവർ. മദ്യപിച്ച് വാഹനമോടിക്കുന്നവർ 15000 രൂപ പിഴ നൽകണമെന്നും, അല്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തിയാണ് പണം കൈപ്പറ്റിയിരുന്നത്. ഇതിന് സ്വകാര്യമായി ലഭിക്കുന്ന ആൽക്കോമീറ്ററും ഇവർ ഉപയോഗിച്ചു.

പൊതുജനങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി ഇത്തരത്തിൽ നിയമവിരുദ്ധമായി ഇവർ പണം കൈപ്പറ്റിയിരുന്നതായി ജോയിന്റ് കമ്മീഷണർ രവികാന്തെ ഗൗഡ പറഞ്ഞു. ഔദ്യേഗിക പദവി ദുരുപയോഗം ചെയ്തതിന് പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് ആൽക്കോമീറ്ററും, 32000 രൂപയും, ഡ്രൈവിംഗ് ലൈസൻസുകളും ഇവരിൽ നിന്നും കണ്ടെടുത്തു.