
പ്രയാഗ്‌രാജ്: രാമക്ഷേത്ര നിർമാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ ഒരു ബി.ജെ.പിക്കാരൻ പോലും ഉണ്ടാകില്ലെന്നും അതിനായി കേന്ദ്ര സർക്കാർ പണം ചിലവാക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ വാർത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് രൂപീകരിക്കുന്ന രാമക്ഷേത്ര നിർമാണത്തിനായുള്ള ട്രസ്റ്റിൽ അമിത് ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അംഗങ്ങളായി ഉണ്ടാകുമെന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്. രാമക്ഷേത്ര നിർമാണത്തെ കുറിച്ച് രണ്ട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാ ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര നിർമാണം നടത്തുന്നതിനായി ട്രസ്റ്റ് സമൂഹത്തിൽ നിന്നും പണം ശേഖരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
'ക്ഷേത്രനിർമാണം പൂർത്തിയാക്കാൻ എത്ര നാൾ വേണമെന്ന് അത് നിർമിക്കുന്നവർ തീരുമാനിക്കും. ക്ഷേത്ര നിർമാണത്തെ സംബന്ധിച്ചുള്ള എല്ലാ പ്രക്രിയകളും 90 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നാണ് സുപ്രീം കോടതി ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് ആ കാലയളവിൽ തന്നെ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.' അമിത് ഷാ പറഞ്ഞു. ക്ഷേത്രനിർമാണത്തിനായി 100 കോടി സ്വരൂപിക്കാനാണ് വിശ്വ ഹിന്ദു പരിഷദ് ആലോചിക്കുന്നതെന്ന് സംഘടനയുടെ ഭാരവാഹികൾ പറയുന്നുണ്ട്. നവംബർ ഒൻപതിനാണ് അയോദ്ധ്യ ഭൂമിതർക്ക വിഷയത്തിൽ ഹിന്ദു പക്ഷത്തിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് ഏറ്റെടുക്കാം എന്നാണ് കോടതി പറഞ്ഞത്.