kaumudi-news-headlines

1. പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അറുപതോളം ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിന് ഉള്ളില്‍ മറുപടി നല്‍കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജനുവരി 22 ന് ഹര്‍ജി ഇനി പരിഗണിക്കും. മുസ്ലീംങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ഉള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണ ഘടനയുടെ അനുച്ഛേദ പ്രകാരം തെറ്റാണെന്ന് ആണ് ഹര്‍ജിക്കാരുടെ വാദം. മതപരമായ വേര്‍തിരിവ് കാണിച്ച് പൗരത്വം നല്‍കാന്‍ ഉള്ള നിയമം രൂപീകരിക്കുന്നത് മതേതര ഇന്ത്യ എന്ന ഭരണ ഘടന തത്വത്തിന്റെ ലംഘനം ആണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി ഇരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് വേണ്ടി കപില്‍ സിബല്‍ അടക്കം മുതിര്‍ന്ന അഭിഭാഷകര്‍ ആണ് ഈ കേസില്‍ ഹാജരായത്.

2. നിര്‍ഭയാ കേസില്‍ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജിയില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് കോടതി വിധി പറയും. പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുക, പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ.എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍. പുന പരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ.്എ ബോബ്‌ഡേ പിന്മാറിയിരുന്നു. കേസില്‍ മുന്‍പ് തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്‌ഡേ ഹാജരായിരുന്നു.
3. ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ നാല് പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂര്‍ ഡിസംബര്‍ 12 നാണ് പുന പരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമര്‍പ്പിച്ച പുന പരിശോധന ഹര്‍ജികള്‍ 2018 ജൂലായില്‍ തള്ളിയിരുന്നു. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ഡല്‍ഹിയിലെ മാണ്‍ഡൂലി ജയിലില്‍ ആയിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. കേസില്‍ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത് എന്നിവര്‍ തീഹാര്‍ ജയിലില്‍ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിങ്ങിന്റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു
4. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ജീവനക്കാരെ പൂട്ടിയിട്ടു രക്ഷപ്പെട്ട ഏഴ് അന്തേവാസികളില്‍ ഒരാള്‍ പിടിയിലായി. രാഹുലെന്ന ആളാണ് പിടിയിലാത് എന്നും തൃശൂരില്‍ നിന്നു തന്നെയാണ് ഇയാള്‍ പിടിയിലായതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ ഉത്തരവു പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആളാണ് രാഹുല്‍. ഏഴ് പേരും പലവഴിക്കാണ് പോയതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഹുലിന് പുറമേ വിവിധ കേസുകളിലെ റിമാന്‍ഡ് പ്രതികളായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു കണ്ണന്‍, വിപിന്‍, ജിനീഷ് എന്നിവരാണ് രക്ഷപ്പെട്ടത്.
5. ഇന്നലെ രാത്രി ഭക്ഷണത്തിനായി സെല്ലില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെടുക ആയിരുന്നു. രണ്ടു നഴ്സുമാരെ ഇവര്‍ ഡ്യൂട്ടി റൂമിനുള്ളില്‍ പൂട്ടിയിട്ടു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരനെയും ആക്രമിച്ചു. പൊലീസുകാരന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന സ്വര്‍ണമാലയും വാച്ചും മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. താക്കോലും പ്രതികള്‍ കൊണ്ടു പോയിരുന്നു. റിമാന്‍ഡ് തടവുകാരായ പ്രതികളെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പാര്‍പ്പിച്ചിരുന്നത്. ഭക്ഷണ സമയത്തു മാത്രമാണ് ഇവരെ സെല്ലില്‍നിന്നു പുറത്തിറക്കി ഇരുന്നത്.
6.പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മ്മാണത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ടെര്‍മിനല്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ഇന്നു മുതല്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കും. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായ മുടങ്ങി കിടന്നിരുന്ന ടെര്‍മിനല്‍ നിര്‍മ്മാണം തിങ്കളാഴ്ച ആണ് പുനരാരംഭിച്ചത്. നിര്‍മ്മാണ സ്ഥലത്തിന് ചുറ്റും ബാരിക്കേഡ് തീര്‍ത്തിരിക്കുക ആണ് പൊലീസ്. നിരോധനാജ്ഞയും ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്താനും സമര സമിതി തീരുമാനിച്ചിട്ടുണ്ട്
7. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ച് എടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആന്ധ്രാ സ്വദേശികള്‍ ബുധനാഴ്ച രാവിലെ കുവൈറ്റില്‍ നിന്നാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഇവര്‍ സ്വര്‍ണ്ണ കടത്തുകാരാണോ എന്ന് വിശദമായി പരിശോധിച്ചു വരുക ആണെന്ന് എയര്‍ കസ്റ്റംസ് അറിയിച്ചു. നെടുമ്പാശ്ശേരില്‍ എത്തിയ മുംബയ് സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്ന് ഡി.ആര്‍.ഐ രണ്ട് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.