lawyers

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പൊലീസ് ആക്രമണം അഴിച്ചുവിട്ടത് വ്യാപകമായ വിമർശനം ക്ഷണിച്ച് വരുത്തിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളായ അലിഗഡ് സർവകലാശാല, ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഡൽഹി, ഡൽഹി സർവ്വകലാശാല, ഗുവാഹത്തി സർവ്വകലാശാല എന്നിവയിലെ വിദ്യാർത്ഥികൾ ജാമിയയിലെ വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, ലോകത്തിലെ തന്നെ പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓക്സ്ഫോർഡ്, ഹാർവാർഡ്, കൊളംബിയ എന്നീ സർവകലാശാലകളും ജാമിയ വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്.

എന്നാൽ ഇവരോടൊപ്പം മറ്റൊരു കൂട്ടരും ഡൽഹി പൊലീസിൽ നിന്നും വിദ്യാർത്ഥികൾ നേരിട്ട ആക്രമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഡൽഹിയിലെ അഭിഭാഷകരാണ് തങ്ങൾ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന പ്രഖ്യാപനവുമായി പ്രതിഷേധ പ്രകടനം നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് ഇന്നലെ നാല് മണിക്കാണ് മുപ്പതോളം അഭിഭാഷകർ ഡൽഹിയിൽ പ്രകടനം നടത്തിയത്. ആക്രമണം നേരിട്ട പ്രതിഷേധകർക്ക് ധാർമികമായ പിന്തുണ നൽകാനും പരിക്കേറ്റ വിദ്യാർത്ഥികളെ നേരിട്ട് കാണാനുമാണ് തങ്ങൾ എത്തിയതെന്നും അഭിഭാഷകർ പറഞ്ഞു.

ഇതിനുമുൻപ് ഡൽഹിയിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ കാര്യമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. കഴിഞ്ഞ മാസം നാലാം തീയതിയാണ് ഡൽഹിയിലെ സാകേത് കോടതിക്ക് മുന്നിൽ വച്ച് പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരു പൊലീസുകാരനെ ഏതാനും അഭിഭാഷകർ ചേർന്ന് മർദിച്ചത്. തുടർന്ന് ഇവിടുത്തെ തിസ് ഹസാരി കോടതിയുടെ മുൻപിൽ വച്ച് പൊലീസുകാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഈ ആക്രമണത്തിൽ 20 പൊലീസുകാർക്കാണ് പരിക്കേറ്റത്. അഭിഭാഷകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുൻപിൽ സമരവും നടത്തിയിരുന്നു.

Delhi: Police personnel hold protest outside Police Head Quarters (PHQ), against the clash that broke out between police & lawyers at Tis Hazari Court on 2nd November. pic.twitter.com/FRthXQTk0T

— ANI (@ANI) November 5, 2019