hg1

കൊച്ചി : തിരുവനന്തപുരം അന്താരാഷ്‌ട്ര വമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരുൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം ഹൈക്കോടതിയിലല്ല ചോദ്യം ചെയ്യേണ്ടതെന്നും ഹർജി അപക്വമാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

സർക്കാരിനു പുറമേ കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം. വിജയകുമാർ, എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയൻ എന്നിവരാണ് ഹർജികൾ നൽകിയത്. എയർപോർട്ട് അതോറിറ്റി നിയമം ബാധകമായ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും ഇതു സാമ്പത്തികമായി ഗുണകരമാണോയെന്ന് പരിശോധിച്ചില്ലെന്നും ആരോപിച്ചിരുന്നു. വിമാനത്താവളത്തിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 170 കോടി രൂപയാണ്. കൈമാറ്റം നടന്നാൽ ലാഭവിഹിതമായി 73 കോടിയാണ് ലഭിക്കുക. സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിനു വിരുദ്ധമായി അദാനി ഗ്രൂപ്പുമായി കേന്ദ്രസർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും എയർപോർട്ട് നടത്തിപ്പിനായി കെ.എസ്.ഐ.ഡി.സി മുഖേന സർക്കാർ നൽകിയ ടെൻഡർ അംഗീകരിക്കാൻ എയർപോർട്ട് അതോറിറ്റിക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 1932 ൽ തിരുവിതാംകൂർ സർക്കാർ നൽകിയ 258.6 ഏക്കറിലാണ് എയർപോർട്ട് തുടങ്ങിയതെന്നും ഭൂമി ഇപ്പോഴും സർക്കാരിന്റെ കൈവശമാണെന്നും സർക്കാരിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.