kamalhasan-

ചെന്നൈ:പൗരത്വ നിയമഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ കമൽഹാസനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞു. സുരക്ഷയുടെ പേരിലാണ്കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം. വിദ്യാർത്ഥികൾക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും അണ്ണാ ഡി.എം.കെ. വിചാരിച്ചിരുന്നെങ്കിൽ ബില്ല് പാസാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


വിദ്യാർത്ഥികൾക്ക് പിന്തുണയുമായാണ് ഞാൻ എത്തിയത്. വിദ്യാർത്ഥികളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസ് പറയുന്നത്. മരണം വരെ ഞാൻ എന്നെ വിദ്യാർത്ഥിയായിട്ടാണ് കാണുന്നത്. പാർട്ടി ആരംഭിച്ചില്ലെങ്കിലും ഇല്ലെങ്കിലും ഞാൻ ശബ്ദമുയർത്തുക തന്നെ ചെയ്യും. ഒരു പാർട്ടി ആരംഭിച്ചതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകേണ്ടത്‌ എന്റെ കടമയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ശബ്ദമുയരുകയാണ്. അവരുടെ ശബ്ദം അടിച്ചമർത്താനാകില്ല . ഞാനും ശബ്ദമുയർത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബർ 23ന് നടക്കുന്ന മഹാറാലിയിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം മക്കൾ നീതി മയ്യം അണിചേരുമെന്നും കമലഹാസൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മദ്രാസ് സർവകലാശാലയിൽ പ്രതിഷേധം ശക്തമായത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 23 വരെ സർവകലാശാലയ്ക്ക് രജിസ്ട്രാർ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ചൊവ്വാഴ്ച പൊലീസ് പിടികൂടിയ രണ്ട് വിദ്യാർത്ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സർവകലാശാലയിലേക്ക് എൺപതോളം വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇവരിൽ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായത്.