nirbhaya-case

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഉടൻ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജി

ഇന്നലെ ഡൽഹി പട്യാല ഹൗസ് കോടതി പരിഗണിച്ചപ്പോൾ കോടതിയിലും പുറത്തും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

നിർഭയയുടെ മാതാപിതാക്കളോട് സഹതാപമുണ്ടെന്ന് പറഞ്ഞ അഡിഷണൽ സെഷൻസ് ജഡ്ജി സതീഷ് അറോറ പ്രതികൾക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും വ്യക്തമാക്കി. ഇതോടെ എവിടെ പോയാലും പ്രതികളുടെ അവകാശങ്ങളെക്കുറിച്ചാണ് ഞങ്ങളോട് പറയുന്നതെന്നും ഞങ്ങൾക്കും അവകാശങ്ങളില്ലേ എന്നും നിർഭയയുടെ അമ്മ കണ്ണീരോടെ പറഞ്ഞു. നിങ്ങളെ കേൾക്കാനും പിന്തുണയ്ക്കാനുമാണ് കോടതിയെങ്കിലും നിയമങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്നായിരുന്നു ജഡ്‌ജിയുടെ മറുപടി.

കേസ് സംബന്ധിച്ച് പുതിയ നോട്ടീസ് പുറപ്പെടുവിക്കാൻ തിഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകിയ കോടതി പഴയ വിവരങ്ങൾ പ്രകാരം ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും അറിയിച്ചു. ഇതോടെ വാദം ജനുവരി ഏഴിലേക്ക് മാറ്റുകയും പ്രതികൾക്ക് ദയാഹർജി ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ച അനുവദിക്കുകയും ചെയ്തു.

കോടതി മുറിയിൽ പൊട്ടിക്കരഞ്ഞാണ് നിർഭയയുടെ മാതാവ് പ്രതികരിച്ചത്. ഏഴ് വർഷമായി നരകത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ക്രൂരന്മാരായ പ്രതികൾക്ക് വീണ്ടും അവസരങ്ങൾ നൽകുകയാണെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. അടുത്ത വാദത്തിൽ പ്രതീക്ഷ അർപ്പിക്കുന്നതായും അവർ പറഞ്ഞു.

വധശിക്ഷ വൈകും !

നിർഭയ സംഭവത്തിന് ഏഴുവർഷം പൂർത്തിയാകുന്ന ഡിസംബർ 16ന് നാലു പ്രതികളെയും തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബർ 14നകം പത്ത് തൂക്കുകയറുകൾ നിർമ്മിച്ചുനൽകാൻ ബിഹാറിലെ ബക്‌സർ ജയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗ് റിവ്യൂ ഹർജി നൽകിയത്. മറ്റു മൂന്നുപേരുടെയും റിവ്യൂഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു. അക്ഷയ് കുമാറിന്റെ റിവ്യൂ ഹർജിയും ഇന്നലെ സുപ്രീംകോടതി തള്ളിയെങ്കിലും, വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന നിർഭയയുടെ മാതാവിന്റെ ഹർജിയിലെ വാദം 2020 ജനുവരിയിലേക്ക് മാറ്റിയതോടെ വധശിക്ഷ നടപ്പാക്കുന്നത് നീളാനാണ് സാദ്ധ്യത.