തിരുവനന്തപുരം: നഗരസഭയുടെ നൈറ്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയെത്തുടർന്ന് പരിശോധനയ്‌ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടറെയും സംഘത്തെയും ഹോട്ടലുടമയും കൂട്ടരും ചേർന്ന് തടഞ്ഞുവച്ചു. ഹെൽത്ത് ഇൻസ്‌പെക്ടറുടെ വാക്കിടോക്കി പിടിച്ചെടുത്തശേഷം സ്‌ക്വാഡ് അംഗങ്ങളെ പുറത്താക്കി കടയടച്ചു. ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരാതിയിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടും ഹെൽത്ത് ഇൻസ്‌പെക്ടറുടെ വാക്കിടോക്കി തിരികെ നൽകാൻ കടയുടമ തയ്യാറായില്ല. നൈറ്റ് സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ബി. ഗീതാകുമാരിയുടെ പേരിൽ നൽകിയിരുന്ന ലൈസൻസ് സെക്രട്ടറി റദ്ദാക്കി. എന്നാൽ ഉത്തരവ് ലംഘിച്ച് പ്രവർത്തനം തുടർന്ന ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുശേഷം നഗരസഭയുടെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. ഹോട്ടൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും റഫ്രജിറേറ്ററിൽ പഴകിയതും മനുഷ്യോപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണം സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. മലീമസമായ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ചോറും മറ്റ് ഭക്ഷ്യവസ്‌തുക്കളും കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കട പൂട്ടിച്ചു. പട്ടം പൊട്ടക്കുഴി എ.കെ.ജി പാർക്കിന് സമീപം പ്രവർത്തിക്കുന്ന ഗീതം ഹോട്ടലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി നഗരസഭാ ഹെൽത്ത് വിഭാഗം നൈറ്റ് സ്‌ക്വാഡ് ലീഡറായ ചാല ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആർ. അനിൽകുമാറിന് ലഭിച്ച ഫോൺ സന്ദേശത്തെത്തുടർന്നാണ് ജെ.എച്ച്.ഐമാരായ അജിത്,​ വി.എസ്. പ്രവീൺ എന്നിവരുൾപ്പെട്ട സ്‌ക്വാഡ് ഗീതം ഫാമിലി റസ്റ്റോറന്റിലെത്തി പരിശോധന നടത്തിയത്. അല്പസമയത്തിനകം ഹോട്ടലുടമ എന്ന് പരിചയപ്പെടുത്തിയ വിജയകുമാർ സ്‌ക്വാഡംഗങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അടുക്കളയും പരിസരവും വൃത്തിഹീനമായ ഹോട്ടലിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുമില്ലായിരുന്നു. പരിശോധനയിൽ 150 കിലോ നിരോധിത പ്ലാസ്റ്റിക് കാരി ബാഗും പിടിച്ചെടുത്തു. ഇവ വാഹനത്തിലേക്ക് മാറ്റുന്നതിനിടയിൽ വിജയകുമാർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ വാക്കിടോക്കി തട്ടിയെടുത്തശേഷം കടയുടെ ഷട്ടർ അടയ്‌ക്കുകയായിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ പൊലീസിന്റെ സഹായം തേടിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സംഘം ആവശ്യപ്പെട്ടിട്ടും കട തുറന്ന് പരിശോധന പൂർത്തിയാക്കാനോ വാക്കിടോക്കി തിരികെ നൽകാനോ വിജയകുമാർ തയ്യാറായില്ല. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ പൊലീസിന് രേഖാമൂലം പരാതി നൽകി മടങ്ങിപ്പോരുകയായിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദ് ചെയ്‌ത ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഹോട്ടൽ ഇന്നലെ ഉച്ചയ്‌ക്ക് പൂട്ടിച്ചത്. ഹെൽത്ത് സൂപ്പർവൈസർ ജി. ഉണ്ണി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുജിത് സുധാകർ, എസ്.എസ്. മിനു, ഷാജി കെ.നായർ, ജി. മിത്രൻ, ശ്രീകുമാരൻ എന്നിവർ സ്‌ക്വാഡ് അംഗങ്ങളായിരുന്നു.

-----------------------------

നഗരത്തിലെ ഹോട്ടലുകളിൽ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭ സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും വാക്കിടോക്കി പിടിച്ചെടുക്കുകയും ചെയ്‌ത വിജയകുമാറിനെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- കെ. ശ്രീകുമാർ,​ മേയർ